cpm-lady-viral

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ കുഞ്ഞികൃഷ്ണന്‍ എഴുതിയ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തക പ്രകാശനത്തിന് എത്തിയവര്‍ പാര്‍ട്ടിക്ക് എതിരെ രംഗത്ത്. സിപിഎമ്മിന്‍റെ എല്ലാ നയങ്ങളോടും യോജിപ്പില്ലെന്നും, പാര്‍ട്ടി തിരുത്തണമെന്നും പ്രകാശനത്തിന് എത്തിയവര്‍ പറയുന്നു. പാര്‍ട്ടിക്ക് അപചയം സംഭവിച്ചുവെന്നും, സിപിഎം എന്തുകൊണ്ടാണ് തിരുത്താതെ ന്യായീകരിക്കുന്നതെന്നും പരിപാടിക്കെത്തിയവര്‍ ചോദിക്കുന്നു. 

താന്‍ സിപിഎമ്മാണെന്നും, പക്ഷേ കുഞ്ഞികൃഷ്ണേട്ടന്‍റെ കൂടെ മരണം വരെ നില്‍ക്കുമെന്നും പറഞ്ഞ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  സിപിഎമ്മിന്‍റെ എല്ലാ നയങ്ങളോടും യോജിപ്പില്ല. ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും എന്‍ജിഒ യൂണിയന്‍റെ മെമ്പര്‍ഷിപ്പുള്ളയാളുമാണ്. സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ സ്ത്രീകളെ അപമാനിക്കുകയാണ്. പാര്‍ട്ടിയുടെ നിലപാടിനോട് യോജിപ്പില്ല, കുഞ്ഞികൃഷ്ണേട്ടനാണ് ശരി. എല്ലാവര്‍ക്കും പാര്‍ട്ടിയെ ഭയമാണ്. സഹകരണ സ്ഥാപനത്തില്‍ മുഴുവന്‍ സിപിഎമ്മുകാരാണ്, അവരെ ഭയന്നാണ് ഇതിനെതിരെ ആരും ധൈര്യത്തില്‍ മുന്നോട്ട് വരാത്തത്. ജനങ്ങള്‍ക്ക് ജീവിക്കണ്ടേ, അവര്‍ കിണറില്‍ വിഷം കലര്‍ത്തില്ലേ, ജനലിന്‍റെ ചില്ല് വേണ്ടേ, എനിക്ക് ആ പേടിയില്ല. – അവര്‍ തുറന്നടിക്കുന്നു. 

പയ്യന്നൂരില്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളയുടെ വരവ് ചിലവ് കണക്കുകള്‍ വിശദീകരിക്കുന്നതാണ് പുസ്തകം. വിവാദം നിലനില്‍ക്കെ ചടങ്ങിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

സിപിഎമ്മിനെ വെട്ടിലാക്കുന്ന ബോംബിന് സമാനമായിരിക്കും വി കുഞ്ഞികൃഷ്ണന്‍റെ തുറന്നെഴുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന പേര് തന്നെ അത് സൂചിപ്പിക്കുന്നു. പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ.മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്. മറ്റു വഴികളില്ലാത്തത് കൊണ്ടാണെന്നും പാര്‍ട്ടിയില്‍ പറഞ്ഞിട്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറയുന്നു.

ധനരാജ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലുണ്ടായ വെട്ടിപ്പും കണക്കും പുസ്തകത്തിലുണ്ട്. നേരത്തെ പുസ്തകത്തിന്‍റെ ഏതാനും പേജുകള്‍ പുറത്തുവന്നതില്‍ തന്നെ നേതൃത്വത്തിനും ടി.ഐ.മധുസൂദനനുമെതിരായ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേരളത്തിലെ പാര്‍ട്ടിയെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാക്കിയെന്നും മധുസൂദനന്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാന്‍ നോക്കിയെന്നും പുറത്തുവന്നവയിലുണ്ട്. പുസ്തകം പുറത്തുവന്ന ശേഷം ഓരോന്നിനും എണ്ണമിട്ട് മറുപടി പറയാനാണ് സിപിഎം നീക്കം. 

ENGLISH SUMMARY:

Leaders should be corrected by followers is the title of a book by V Kunhikrishnan, a CPM member expelled over allegations of martyrdom fund fraud. The book's release sparked strong criticism against the party by attendees, who expressed dissatisfaction with CPM's policies and called for internal reforms.