vs-interview-johny-article

'ഒരാഴ്‌ച ശരീരം അനക്കാൻ വയ്യാത്ത വേദനയായിരുന്നു. അതു വച്ചു നോക്കുമ്പോൾ അട്ട കടി ഒന്നുമല്ല’ - വി. എസ്. ഇടതു കൈത്തണ്ട ഉയർത്തി, അതിലൊരു വെളുത്ത പാടു കാട്ടിത്തന്നു. പൂയംകുട്ടിയിലെ കാട്ടു പാതയിൽ വി. എസിന്‍റെ രക്‌തം കുടിച്ചു രക്‌തസാക്ഷിത്വം വരിച്ചൊരു അട്ട അവശേഷിപ്പിച്ചു പോയ സ്‌മാരക മുദ്ര. അട്ട, വനം കയ്യേറ്റക്കാരെപ്പോലെ ഒളിപ്പോരു രീതിയാണ് പരമ്പരാഗതമായി പിന്തുടരുന്നത്.‘നുഴഞ്ഞു കയറുന്നതു അറിയില്ല. പിന്നെയൊരു ചൊറിച്ചിൽ തോന്നും. അപ്പോഴേക്കും കക്ഷിയുടെ വയറു നിറഞ്ഞിരിക്കും’ - പൂയം കുട്ടി വനത്തിൽ കയ്യേറ്റം കണ്ടറിയാൻ പോയ വി. എസ്. അട്ടകടി കൊണ്ടറിഞ്ഞ കാര്യം പറഞ്ഞു ചിരിച്ചു.

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at  Mullaperiyaar Dam

Mullaperiyaar, 30 11 2011, opposition leader VS Achuthanandan at Mullaperiyaar Dam

മുല്ലപ്പെരിയാറിലേക്ക്, മതികെട്ടാനിലേക്ക് പറമ്പിക്കുളത്തേക്ക്, കാടാമ്പാറയിലേക്ക്, അച്ചൻകോവിലിലേക്ക്, പൂയംകുട്ടിയിലേക്ക്......പ്രായം മറന്ന്, വെയിലിനെ ധിക്കരിച്ച്, ജലപ്പൊലിമകൾ കടന്ന്, മലകൾ താണ്ടി, വി. എസിന്റെ യാത്രകൾ. ഇടതുമുന്നണി കൺവീനറായിരിക്കുമ്പോൾ മുന്നണി മന്ത്രിസഭയിലെ ജലസേചന മന്ത്രിയെപ്പോലും മുല്ലപ്പെരിയാറിന്‍റെ പേരിൽ വി.എസ് വെള്ളം കുടിപ്പിച്ചു. ഈ സഞ്ചാര രാഷ്‌ട്രീയത്തിനു മുന്നിൽ മലയാളത്തിലെ സഞ്ചാര സാഹിത്യമൊക്കെ നിഷ്‌പ്രഭം.'ഇത്തിരി ദുരുദേശ്യമില്ലാതെ സല്‍ക്കാര്യങ്ങള്‍ മർത്യന് ചെയ്യാൻ ആവില്ല, ആകിലും ചെയ്യില്ല' എന്നാണ് കവിവാക്യം. പ്രതിപക്ഷ നേതാവായ വി. എസ്. അച്യുതാനന്ദൻ എഴുപത്തൊമ്പതാം വയസ്സിൽ, ചെറുപ്പക്കാരായ രാഷ്‌ട്രീയ അഭ്യാസികളുടെ കായികക്ഷമതയെപ്പോലും വെല്ലുവിളിച്ചു കൊണ്ടു നടത്തിയ യാത്രകൾ ഉദ്ദേശ്യങ്ങൾക്ക് അപ്പുറത്ത് ഫലപ്രദമായ രാഷ്‌ട്രീയ ഇടപെടൽ കൂടിയാവുകയായിരുന്നു.

 വിദേശത്തെ സ്വദേശം പോലെ കരുതുന്ന മന്ത്രിമാരുടെ പറന്നുള്ള കറക്കം പോലെയോ സിംഗപ്പുരിലേക്കുള്ള സൗജന്യ യാത്ര പോലെയോ ആയാസരഹിതമായ വിനോദമല്ല അച്യുതാനന്ദന്‍റെ യാത്രകൾ. കേരളമെന്ന ശ്യാമസുന്ദരകേരകേദാര ഭൂമിയിലേ വി. എസിനു താൽപര്യമുള്ളു. അതിൽത്തന്നെ വിവാദം വിളയുന്നിടം മാത്രം. എവിടെയുണ്ട് വിവാദം, അവിടെയുണ്ട് വി. എസ്.

vs-single-mug

വാശിയുടെ കൊമ്പത്താണ് ഈ യാത്രകൾ. ആദ്യം വാശി വി. എസിൽ കയറും. പിന്നെ വി. എസ് മല കയറും. ഏറ്റവും ഒടുവിൽ പൂയംകുട്ടി, മതികെട്ടാൻ യാത്രകളും വാശിയിൽ പിറന്ന ആശയമായിരുന്നു എന്നു വി. എസ്. വെളിപ്പെടുത്തുന്നു.‘മതികെട്ടാനിൽ കയ്യേറ്റം ഇല്ല എന്നു മാണി. ഉണ്ടെന്നു സുധാകരൻ. കാബിനറ്റ് യോഗത്തിൽ ആന്റണി രണ്ടാളേയും താക്കീതു ചെയ്‌തപ്പോൾ സുധാകരന്‍റെ വാശി കാണാതായി. അപ്പോൾ എനിക്കു വാശിയായി. ഞാൻ ചെന്നപ്പോൾ അവിടെ റോഡും കയ്യാലയും മാത്രമല്ല എസ്കവേറ്റര്‍ പോലുമുണ്ട്. പൂയംകുട്ടിയിൽ ഫോറസ്‌റ്റുകാർ വനം മന്ത്രിയെക്കൊണ്ടുനടന്നു പറ്റിച്ചു. അവിടെ കയ്യേറ്റമേ ഇല്ലെന്നായി മന്ത്രി. ഞാൻ പോയപ്പോൾ എല്ലാം കണ്ടു. ഞാൻ ഇറങ്ങിത്തിരിച്ചില്ലായിരുന്നെങ്കിൽ മാണി മതികെട്ടാനിൽ പോകുമായിരുന്നോ. സുധാകരൻ രണ്ടാമത് പൂയംകുട്ടിയിൽ പോകുമായിരുന്നോ ?’ - തന്‍റെ യാത്രോദ്ദേശ്യങ്ങൾ നിറവേറ്റിയതിന്‍റെ ലഹരിയിലാണ് വി. എസ്. 

  മാണി വി. എസിനേക്കാൾ പത്തു വയസിന് ഇളപ്പമാണ്. സുധാകരന് 24 വയസ് കുറവ്. ഇവരെയൊക്കെ മല ചവിട്ടിക്കുന്ന പെരിയ സ്വാമിയാണല്ലോ അച്യുതാനന്ദൻ. ഈ പ്രായത്തിൽ ഇങ്ങനെ കാടും മലയും കയറി നടക്കുന്നതിൽ വീട്ടുകാർക്കു ഉത്‌കണ്‌ഠയുണ്ട്. അവരുടെ വിലക്കുകളൊന്നും പക്ഷേ വി. എസിനു കാര്യമല്ല. പാർട്ടിയുടേത് അല്ലാതെ മറ്റൊരു വിലക്കിനു വഴങ്ങിയ ചരിത്രമുണ്ടോ വി. എസിന്?

‘വീട്ടുകാരു വിലക്കും. അപ്പോൾ ഞാൻ അവരോടു പറയും. പ്രതിപക്ഷത്താകുമ്പോൾ ഇതൊക്കെ വേണമെന്ന്. വെറുതെ ഇവിടെയിരുന്ന് ഓരോന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പത്രത്തിൽ കണ്ടതു പറഞ്ഞാൽ അതൊക്കെ അതിശയോക്‌തി എന്നു പറഞ്ഞു തള്ളും. വിമർശിക്കണം എന്നുണ്ടെങ്കിൽ പോയിക്കാണണം.’

‘ദൂരെ ഇരുന്നാൽ നേരറിയാമോ, ചാരേ ചെന്നങ്ങാരായേണം!’ എന്ന് ഉണ്ണായി വാര്യർ എഴുതിയത് വി. എസ്. വായിച്ചിട്ടുണ്ടോ ആവോ. അതെങ്ങനെയായാലും പാർട്ടിയുടെ പേരിൽ ഈരേഴുപതിനാലു ചാനലും അടക്കി വാഴുന്ന ബൗദ്ധിക ചുമട്ടുകാർ അമാന്തക്കൊടിമരങ്ങളായി കഴിയുമ്പോൾ മല കയറാൻ വി. എസ്. അല്ലേയുള്ളു.

‘പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ പോകുമ്പോൾ ഉദ്യോഗസ്‌ഥരും പത്രപ്രവർത്തകരും ഒക്കെ കൂടെ വരുമല്ലോ. അപ്പോൾ നമ്മുടെ വിഷയത്തിന് വേണ്ട ശ്രദ്ധ കിട്ടുകയും ചെയ്യും.’ - യാത്രയുടെ ഒരു ഗൂഢോദ്ദേശ്യം കൂടി അച്യുതാനന്ദൻ വെളിപ്പെടുത്തി. പൂയംകുട്ടി വനാന്തരയാത്രയായിരുന്നു ഇതുവരെയുള്ള യാത്രകളിൽ ഏറ്റവും ദുർഘടം എന്നു വി. എസ്. സമ്മതിക്കുന്നുണ്ട്. ജീപ്പുയാത്ര കൊണ്ടു തന്നെ ഏതാണ്ട് സന്ധിബന്ധങ്ങൾ അയഞ്ഞു. വനത്തിലൂടെ ഇരുപത് - ഇരുപത്തഞ്ച് കിലോമീറ്റർ നടത്തം കൂടിയായപ്പോൾ ആകെയുലഞ്ഞു. നേരറിയാനുള്ള വാശിയിൽ പക്ഷേ വേദനയൊക്കെ അലിഞ്ഞു.

Chief Minister V. S Achuthananthan observing the day- long fast in front of the Martyrs column on demanding a country- wide ban of endosulphan. Thiruvananthapuram on  25/04/2011. Photo by MANOJ CHEMANCHERI

Chief Minister V. S Achuthananthan observing the day- long fast in front of the Martyrs column on demanding a country- wide ban of endosulphan. Thiruvananthapuram on 25/04/2011. Photo by MANOJ CHEMANCHERI

‘കുറേദുരം പോയപ്പോൾ പത്രക്കാർക്കു പോലും മതിയായി. കയ്യേറ്റത്തിന്‍റെ ലക്ഷണമൊക്കെ കണ്ടല്ലോ. ഇനി തിരിച്ചു പോകാം എന്നായി ചിലർ. ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ മുൻപ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് ഓർത്തപ്പോൾ ഞാൻ മുന്നോട്ടു തന്നെ പോയി. ഒടുവിൽ വനത്തിന്‍റെ  ഉള്ളിൽ ഏലം കൃഷിയും മുറിച്ചിട്ട മരങ്ങളും ഒക്കെ കാണാൻ പറ്റി. പൂയംകുട്ടി വനം സംരക്ഷണ സമിതിക്കാർ കൂടെയുണ്ടായിരുന്നത് ഉപകാരമായി.

സുധാകരൻ കോട്ടൊക്കെയിട്ട് ദേഹത്ത് പ്ലാസ്‌റ്റിക്കും ചുറ്റിയല്ലേ പോയത്. അട്ട എവിടെ കടിക്കാൻ. എനിക്കീ മുണ്ടും ജുബ്ബയും തന്നെയായിരുന്നു. മുണ്ടു മടക്കിക്കുത്താതെ നടക്കാൻ പറ്റുമോ. അട്ടയെങ്ങനെ കടിക്കാതിരിക്കും.’ - ചില കാര്യങ്ങളിൽ അള്ളിപ്പിടിക്കുന്ന വി. എസ് അട്ടയെ വീണ്ടും അനുസ്‌മരിച്ചു.

കാട്ടിലൂടെ നടക്കുമ്പോൾ വി. എസിന് പേടിയുണ്ടായിരുന്നോ ? ആന വരുമെന്നോ മറ്റോ?

എന്തിനാ പേടിക്കുന്നത്. ഒരു സംഘമല്ലേ കൂടെ. ആനക്കൂട്ടം അടുത്തു തന്നെ ഉള്ളതിന്‍റെ ലക്ഷണം അവിടെ കണ്ടു. മണവുമുണ്ടായിരുന്നു. പിണ്ടമിട്ടിട്ടു പോയതേ ഉണ്ടായിരുന്നുള്ളു. തിരിച്ചു പോകാം എന്നു ചിലർ ഉപദേശിക്കുകയും ചെയ്‌തു.

ആന വന്നാൽ എന്തു ചെയ്യുമായിരുന്നു?

ഒരു പിടിയുമില്ല. നാലോ അഞ്ചോ പേർക്ക് ഇരിക്കാവുന്ന ഒരു ഏറുമാടം ഇടയ്‌ക്ക് കണ്ടു. പക്ഷേ ഞങ്ങളു പത്തു മുപ്പത്തഞ്ചു പേരുണ്ടായിരുന്നു. പിന്നെ സ്‌ഥലം കാണണമെന്ന വാശിയിൽ നിൽക്കുന്നതു കൊണ്ടു പേടി ഒന്നും അപ്പോൾ അറിയില്ല. എങ്കിലും സംഘം വൈകുന്നേരം വേഗം തിരികെ നടന്നു സന്ധ്യയ്‌ക്കു കാട്ടിനു പുറത്തെത്തി. രാത്രിയായാൽ ആന വരും എന്നൊരു ഭീതി ഉണ്ടായിരുന്നു.

കണ്ണു കാണാത്ത മുത്തശ്ശി ചങ്കൂറ്റം കൊണ്ടു ദിവസവും രാമായണം വായിച്ചു എന്നു പറയുമ്പോലെയാണ് അച്യുതാനന്ദന്‍റെ മലകയറ്റം. പുന്നപ്രക്കാരന് ചെറുപ്പക്കാലത്ത് മലകയറ്റം അന്യമായിരിക്കുമല്ലോ. മലയുണ്ടായിട്ടു വേണ്ടേ കയറാൻ. ഇടിവെട്ടു തോട്ടിലും പൂക്കൈതയാറിലുമൊക്കെ നീന്തിത്തുടിച്ചു നടന്ന തനിക്കു മലകയറി പരിചയമില്ലെന്നു വി. എസ് . നീന്തൽ കഴിഞ്ഞാൽ പാസ് കളി. അത്രേയുള്ളു. ജയിലിൽ കഴിയുമ്പോഴാണ് വോളിബോളും ഷട്ടിലുമൊക്കെ കളിക്കുന്നത്. ഒളിവു ജീവിതകാലത്ത് കാലിന്‍റെ കരുത്ത് പരീക്ഷിച്ചു. പല ദിവസങ്ങളിലും ഒന്നും കഴിക്കാതെയായിരുന്നു നടപ്പ്. ഒരു പ്രദേശത്തും ഏറെ നാൾ നിൽക്കാൻ കഴിയില്ല. അതുകൊണ്ട് ഇരുട്ടിന്‍റെ മറപറ്റി നടപ്പോടു നടപ്പ്. കുറേക്കാലമായിട്ട് രാവിലെ നടപ്പുണ്ട്. ഈ നടപ്പാണ് വൻ നടപ്പിന് ആത്മവിശ്വാസം തന്നതെന്നു വി. എസ്. പറയുന്നു.

നീന്തൽ നല്ല വ്യായാമമാണെന്നു പറയുന്നു. ഇനിയും പരീക്ഷിച്ചു കൂടേ?

ഇനി അതൊന്നും പറ്റില്ല.

കരുണാകരൻ പ്രായമായശേഷവും നീന്തുമായിരുന്നല്ലോ?

അതു മാസ്‌ക്കറ്റിലെ സ്‌പെഷല്‍ നീന്തൽ. എനിക്ക് നാച്ചുറൽ നീന്തലിലേ താൽപര്യമുള്ളു.

കരുണാകരന്റെ കാര്യം പറഞ്ഞപ്പോഴാണ് വി. എസ്. ആരോഗ്യത്തിന്റെ ചില രഹസ്യങ്ങളിലേക്ക് കടന്നത്...‘കരുണാകരൻ ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കും. കാറപകടത്തെത്തുടർന്നാണ് കുറച്ചു മോശമായത്. ഞാൻ അടുത്ത കാലത്ത് കരുണാകരന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ശ്രാദ്ധത്തിനു ചെന്നപ്പോൾ ആരോഗ്യത്തിന്റെ കാര്യം പറഞ്ഞു.  ശരീരത്തിന്‍റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം എന്ന് എന്നെ ഉപദേശിച്ചു. ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇറച്ചിയൊന്നും തീരെ വേണ്ട. നല്ല മീനാണെങ്കിൽ ഇഷ്‌ടമാണ്.’-മീനിന്‍റെ കാര്യത്തിൽ നായനാരും വി.എസും ഒരേ ഗ്രൂപ്പിലാണ്.

മല കയറ്റാനുള്ള ‘ഫിറ്റ്‌നസ്’ നിലനിർത്താൻ വി. എസിന്‍റെ വക ചില ത്യാഗങ്ങളുണ്ട്. കാപ്പിയോ ചായയോ കുടിക്കില്ല. ജീരക വെള്ളം എ. കെ. ജി. സെന്‍ററിലെ വി. എസ് സ്‌പെഷലാണ്. നേരിയ രക്‌തസമ്മർദ്ദം ഒഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. സംസാരശേഷിയെ ഇടയ്‌ക്കൊന്നു തടസ്സപ്പെടുത്തിയ ‘തൈമോമ’ എന്ന അസുഖം ലണ്ടനിലെ ശസ്‌ത്രക്രിയയെ തുടർന്നു പൂർണമായും മാറി. അതു കൊണ്ടിപ്പോൾ പ്രസംഗത്തിലും കാടുകയറാം. ഭാഷയെ വിദൂഷകമാക്കാം. നേരമ്പോക്കു പറയുകയും പ്രദർശിപ്പിക്കുകയും ചെയ്യാം.

ഈയിടെയായി പ്രസംഗത്തിനിടെ നീട്ടലും കുറുക്കലും അംഗവിക്ഷേപവുമൊക്കെ കൂടുതൽ കാണുന്നുവെന്നു സൂചിപ്പിച്ചപ്പോൾ - ‘അതൊക്കെ കുറച്ചിരുന്നു. പിന്നെ ചിലരെ കളിയാക്കുമ്പോൾ അതു ഫലപ്രദമാകാൻ ഇതൊക്കെ വേണ്ടി വരുന്നു’ എന്നായിരുന്നു വി. എസിന്റെ മറുപടി. വി.എസിനെ കളിയാക്കുന്നവർക്കും മിമിക്രിക്കാർക്കും ഇതു ഫലപ്രദമാണെന്നത് മറുവശം.

ദേഹവും ദേഹിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ മാത്രമുള്ള ആഹാരമേ വേണ്ടൂ. അതു കൃത്യമായി കിട്ടിയില്ലെങ്കിലും വഴക്കില്ല. ‘ഒരു നിലയിലെത്തിയാൽ പിന്നെ ആഹാരം കിട്ടാതിരിക്കാനാണ് വിഷമം. ഇല്ലെങ്കിലും നമ്മളു ചെന്നാൽ ഉണ്ടാക്കി തരുമല്ലോ’ - വി. എസ് ഒരു ജീവിതസത്യം പങ്കു വച്ചു.

പി. കെ. വി., നായനാർ, ടി. കെ. രാമകൃഷ്‌ണൻ, പി. ഗോവിന്ദപ്പിള്ള എന്നിങ്ങനെ ഒരുമാതിരിപ്പെട്ട കമ്യൂണിസ്‌റ്റ് നേതാക്കൾക്കു ഒക്കെയുള്ള പഞ്ചസാരയുടെ അസുഖം വി. എസിന് ഇല്ല. പുഞ്ചിരിയിൽ പോലും പഞ്ചസാര കുറവാണ്. പ്രമേഹക്കാർക്ക് മലകയറ്റം അതികഠിനം. വി. എസിനോ അതു ലളിതം.

മുല്ലപ്പെരിയാർ, ബ്രഹ്‌മപുരം, പറമ്പിക്കുളം, ആളിയാർ, മതികെട്ടാൻ തുടങ്ങി ചില പ്രശ്‌നങ്ങളിൽ വി. എസ്. കയറിപ്പിടിച്ചാൽ പിന്നെ വിടില്ലല്ലോ. പാർട്ടിയിൽ തന്നെ ചിലർ പറയുന്നതു പോലെ വി. എസ്. പിടിവാശിക്കാരാണോ?

‘ഞാൻ ഒന്നു തീരുമാനിച്ചാൽ അതിലങ്ങ് ഉറച്ചു പിടിക്കും. ഭരണം മാറിയാലും അതൊന്നും വിടില്ല. സംസ്‌ഥാനത്തിന്‍റെ താൽപര്യം പരിരക്ഷിക്കണം എന്ന വാശികൊണ്ടാണ്. വിമർശനം ഒക്കെ ഉണ്ടാകും. കേട്ടങ്ങു വിടും.

വി. എസിന് ഇഷ്‌ടമാണ്, ഇഷ്‌ടമില്ല എന്നിങ്ങനെ രണ്ടു ഫയലുകൾ മനസ്സിലുണ്ടെന്നും ഒന്നിൽ നിന്നു മറ്റതിലേക്ക് മാറ്റം കിട്ടാൻ വലിയ പ്രയാസമാണെന്നും അടുത്തറിയാവുന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്....?

എന്നെപ്പറ്റി പറഞ്ഞു കേൾക്കുന്നതൊന്നും അത്രയ്‌ക്കങ്ങു വിശ്വസിക്കേണ്ട. എനിക്കൊരു വേർതിരിവ് ഉണ്ടെന്നത് സത്യമാണ്. ചില ആളുകളുടെ സ്വഭാവ വിശേഷങ്ങൾ ദീർഘമായി സ്‌റ്റഡി ചെയ്യും. ചുറ്റിക്കളിയുണ്ടെങ്കിൽ ആ സെറ്റിനെ അങ്ങനെ തന്നെയേ കാണൂ. ഞാൻ അത് അവരോട് തുറന്നു പറയാറുമുണ്ട്.

പാർട്ടി നേതാവ്, പ്രതിപക്ഷ നേതാവ്, വീണ്ടും പാർട്ടി നേതാവ്, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ വി. എസിന്‍റെ രാഷ്‌ട്രീയ ജീവിതം ഒരു ആവർത്തനകൃഷിയായിപ്പോയത് ഓർത്തപ്പോൾ മനസ്സിൽ ഒരു ചോദ്യം വന്നുമുട്ടി.. ഈ മലയായ മലയൊക്കെ കയറിയിറങ്ങുന്ന ആൾക്ക് മുഖ്യമന്ത്രി പദം ഒരു ബാലികേറാമലയാണോ ?

വി. എസിനു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തൊട്ടു, തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ നിന്നിട്ട് ഈ മല മൂന്നു തവണയല്ല മായാജാലം കൊണ്ടെന്ന പോലെ പെട്ടെന്നങ്ങ് അപ്രത്യക്ഷമായത്.

‘മുഖ്യമന്ത്രിപദം ലക്ഷ്യമായി ഞാൻ കരുതിയിട്ടില്ല. പാർട്ടി പ്രവർത്തനത്തിന്‍റെ മാർഗത്തിൽ വരുന്ന ഒന്ന് എന്നേയുള്ളു’ - വി.എസ്. പറഞ്ഞൊഴിഞ്ഞു.

ഭാഗ്യത്തിൽ വിശ്വാസമുണ്ടോ ?

ഇല്ല

ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നു തോന്നുന്നുണ്ടോ ?

വെറുതെ കുഴപ്പമുണ്ടാക്കരുതേ. ഞാൻ ഒരു ജോലി ചെയ്യുന്നു. ആരോഗ്യവും ആയുസും ഉള്ളിടത്തോളം അതു ചെയ്യും. സജീവമായിത്തന്നെ നിൽക്കും. ഒരു സംശയവും വേണ്ട.

ഏതു മലയാണ് അടുത്ത ലക്ഷ്യം?

അതിപ്പോൾ പറയാനൊക്കില്ലല്ലോ. ഒരു വിവാദം വരട്ടെ. ഞാൻ അവിടെ പോയിരിക്കും. കണിശമായും. കാടും മലയും ആറും ഒക്കെയുള്ളിടത്ത് പോകാൻ എനിക്ക് പണ്ടേ ഇഷ്‌ടമാണ്. 

ആരോടും ഒരു പ്രതികാരവുമില്ലാതെ, പുതിയ പ്രതിജ്‌ഞയുമില്ലാതെ, പ്രസിദ്ധമായ ആംഗ്യവിക്ഷേപങ്ങൾ പോലും ഇല്ലാതെ വെറുതെയിരിക്കാൻ അച്യുതാനന്ദനില്ല.  അദ്ദേഹം ഇനിയും വനം കയറും.  രാഷ്‌ട്രീയ വനവാസം ഉടനെയൊന്നുമില്ല. കല്യാശ്ശേരിക്കുന്നുകളിലേക്കോ, പിണറായി മലയിലേക്കോ എവിടെക്കാണെന്നു വച്ചാൽ ആഞ്ഞു ചാടുവാൻ ഓങ്ങി നിൽക്കുമ്പോലെ. ജീവിതത്തിൽ എത്ര കയറ്റിറക്കങ്ങൾ കണ്ടു. പിന്നെയാണോ ഒരു മല എന്ന ഭാവം.

(2006 -ല്‍ മലയാള മനോരമയില്‍ പബ്ലിഷ് ചെയ്തത്)

ENGLISH SUMMARY:

This article explores the distinctive journeys of V.S. Achuthanandan, a political leader whose travels—from leech-infested forests to controversial sites like Mullaperiyar—were driven by a relentless pursuit of truth and a flair for political intervention. His unique style and presence always sparked debates