strike-05

ദേശീയപണിമുടക്കിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമവും ഭീഷണിയും. ആറ്റിങ്ങലില്‍ അധ്യാപകനെ സമരക്കാര്‍ മര്‍ദിച്ചു. ഇടുക്കി പീരുമേട്ടിൽ തപാൽ വകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് മർദിച്ചു. കൊല്ലം ആയൂരിൽ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരനും മര്‍ദനം. മുക്കത്ത് കട അടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് സിപിഎം നേതാവിന്‍റെ ഭീഷണി. പത്തനാപുരത്ത് മരുന്ന് വിതരണ ഗോഡൗണ്‍ പോലും തുറക്കാന്‍ അനുവദിച്ചില്ല. പലയിടത്തും പൊലീസ് ഇടപെടാത്ത സാഹചര്യവുമുണ്ടായി

ആറ്റിങ്ങലില്‍ ജോലിക്ക് എത്തിയ ഹയര്‍സെക്കന്‍ഡറി അധ്യാപകനെ പ്രതിഷേധക്കാര്‍ മര്‍ദിച്ചതായി പരാതി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വി അനൂപിനാണ് മര്‍ദനമേറ്റത്. സ്കൂളിലെത്തിയ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായിരുന്നു പ്രകോപനം. സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചതായും അനൂപ് പറയുന്നു

കൊല്ലം ആയൂരിൽ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരനെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചു. എൽഡിഎഫ് പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് ഓഫിസ് അടച്ച് പുറത്തിറങ്ങിയ  ജീവനക്കാരൻ നന്ദുവിനെയാണ് മര്‍ദിച്ചത്.  കൊല്ലത്ത് ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ ജീവനക്കാരെ  സിഐടിയു പ്രവർത്തകർ തടഞ്ഞു. പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. 

ഇടുക്കി പീരുമേട്ടിൽ തപാൽ വകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് മർദിച്ചു. ജീവനക്കാരൻ എം മടസ്വാമിക്കാണ് മർദനമേറ്റത്. പണിമുടക്കിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് അടയ്ക്കാൻ സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌ ഓഫീസ് അടച്ച് പുറത്തിറങ്ങിയപ്പോൾ മടസ്വാമിയുടെ മുഖത്ത് സിപിഎം നേതാവ് അടിക്കുകയായിരുന്നു

കോഴിക്കോട് മുക്കം മാർക്കറ്റിലെ മീൻ കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുമെന്ന് സിപിഎം നേതാവ് ഭീഷണിപ്പെടുത്തി.സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വിശ്വനാഥനും പ്രവർത്തകരും ആണ് ഭീഷണി മുഴക്കിയത്. പൊലീസ് നോക്കി നിൽക്കെ മുക്കം മാളും സമരക്കാർ ഒഴിപ്പിച്ചു. 

അടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞപ്പോഴും പൊലീസ് ഇടപെട്ടില്ല. പത്തനാപുരത്തെ ഔഷധി ഗോഡൗണിൽ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. ആശുപത്രിയിലെക്കുള്ള മരുന്നു വിതരണം ആണ് നടത്തുന്നതെന്ന് പറഞ്ഞെങ്കിലും സിഐടിയുക്കാര്‍ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചില്ല. പത്തംതിട്ട വള്ളിക്കോട് പഞ്ചായത്ത് ഓഫിസിന്‍റെ താക്കോല്‍ പ്രസിഡന്‍റ് നല്‍കാത്തതിനിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് ജോലിക്ക് കയറാനായില്ല. 

കോട്ടയത്തും കല്‍പറ്റയിലും ബത്തേരിയിലും മുക്കത്തും വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് ടാക്സികളും സ്വകാര്യവാഹനങ്ങളും തടഞ്ഞു. കായംകുളത്ത് ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലം ചിന്നക്കടയിൽ സിമൻ്റുമായി പോയ ബൾക്കർ വാഹനം സമരക്കാര്‍ തടഞ്ഞിട്ടു. ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. 92 ശതമാനം ജീവനക്കാരും സെക്രട്ടറിയേറ്റില്‍ പണിമുടക്കി. 

ENGLISH SUMMARY:

During the nationwide strike, Kerala experienced violence and threats, with protesters blocking vehicles and attacking workers. Reports include assaults on teachers and postal staff, and threats against shopkeepers, while police intervention remained minimal in many areas.