solar-energy

സൗരോര്‍ജ ഉല്‍പാദകരെ നഷ്ടത്തിലാക്കുന്ന വ്യവസ്ഥകള്‍ക്കെതിരെ വന്‍പ്രതിഷേധം ഉയരുന്നതിനിടെ സോളര്‍ നയത്തില്‍ വൈദ്യതി റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് ഇന്ന്. കരട് നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമായാല്‍ സൗരോര്‍ജ മേഖലയില്‍ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ആശങ്ക. 

പുരപ്പുറ സൗരോര്‍ജ ഉല്‍പാദത്തിന് താല്‍പര്യപ്പെടുന്നവരെ പിന്നോട്ടടിക്കുന്നതാണ് പുതിയ കരട് നയത്തിലെ വ്യവസ്ഥകള്‍ എന്നാണ് ആക്ഷേപം. മൂന്നുകിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷന്‍ വേണം, അഞ്ചുകിലോവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നര്‍ 30 ശതമാനം ബാറ്ററിയില്‍ സംഭരിക്കണം, ഉല്‍പാദിപ്പിക്കുന്ന ഓരോയൂണിറ്റ് വൈദ്യുതിക്കും ഒരുരൂപ വീതം കെ.എസ്.ഇ.ബിയ്ക്ക്ക് ചുങ്കം നല്‍കണം, മൂന്നുകിലോവാട്ടിന് മുകളില്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് നെറ്റ് മീറ്ററിങ് ഏര്‍പ്പെടുത്തണം  തുടങ്ങിയ വ്യവസ്ഥകളാണ് സൗരോര്‍ജ ഉല്‍പാദകര്‍ക്ക് തിരിച്ചടിയാകുന്നതില്‍ പ്രധാനം.

സംസ്ഥാനത്ത് രണ്ടുലക്ഷം സൗരോര്‍ജ ഉല്‍പാദകര്‍ അഥവാ പ്രസ്യൂമര്‍മാരാണുള്ളത്. കുറഞ്ഞത് പത്തുലക്ഷം ഉപയോക്താക്കളെങ്കിലും സൗരോര്‍ജ പാളികള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. വൈദ്യുതി റുഗുലേറ്ററി കമ്മിഷന്‍ പൊതുതെളിവെടുപ്പില്‍ പകല്‍–രാത്രി നിരക്കുകളിലെ അപാകതകളും  അവ കണക്കാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും  ഉയര്‍ന്നുവരും.

കഴിഞ്ഞ ദിവസം കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പുനരുപയോഗ ഊർജ്ജ ചട്ടത്തിനെതിരെ തിരുവനന്തപുരത്തെ കമ്മീഷന്‍റെ  ഓഫീസിലേക്ക്    പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു . സോളർ സ്ഥാപിച്ചവരെ  നഷ്ടത്തിലാക്കുന്ന കരട് ചട്ടത്തിൽ ഭേദഗതി വേണമെന്നാണ് ആവശ്യം.  ഉടമകൾ രാവിലെ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന വൈദ്യുതി രാത്രി തിരികെ ഗ്രിഡിൽ നിന്ന് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍റെ കരട് ചട്ടത്തിൽ ആയിരം കിലോവാട്ട് എന്നത് മൂന്ന് കിലോ വാട്ടായി ചുരുക്കിയതാണ് പ്രതിഷേധത്തിന് കാരണം. നിയമം പിന്‍വലിക്കണമെന്ന് സോളര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Amid widespread protests against provisions that could lead to losses for solar energy producers, the Electricity Regulatory Commission will hold an evidence hearing today on the draft solar policy. There are concerns that if these draft proposals are implemented, the solar energy sector will face severe repercussions.