മൂന്നാഴ്ചയായി കേരളത്തില്‍ മഴയും വെയിലുമേറ്റ് തുടരുകയാണ് ബ്രിട്ടന്‍റെ റോയല്‍ നേവിയുടെ ഫൈറ്റര്‍ ജെറ്റ് എഫ്-35ബി. യുദ്ധവിമാനത്തിന്‍റെ ചിത്രം ഇതിനകം കേരള ടൂറിസം വരെ പ്രമോഷനായി ഉപയോഗിച്ച് കഴിഞ്ഞു. ബ്രിട്ടന്‍റെ യുദ്ധവിമാനം തിരുവനന്തപുറം വിമാനനത്താവളത്തില്‍ തന്നെ തുടരവേ കേരളത്തില്‍ മാത്രമല്ല അങ്ങ് ബ്രിട്ടനിലും ചര്‍ച്ചകള്‍ തകൃതിയാണ്. ഇതിനകം ബ്രിട്ടനിലെ പ്രതിപക്ഷവും 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് വിമാനം തിരിച്ചെത്തിക്കാന്‍ ഗവണ്‍മെന്‍റ് എന്ത് ചെയ്തു എന്ന ചോദ്യമുയര്‍ത്തിക്കഴിഞ്ഞു. അതിനെല്ലാമുപരി ഫൈറ്റര്‍ ജെറ്റ് മറ്റൊരു രാജ്യത്ത് കുടുങ്ങുക, തിരികെയെത്തിക്കാന്‍ പോലുമാകാതെ റോയല്‍ നേവി നിസ്സഹായരാകുക... ഇത് ആധുനിക യുദ്ധവിമാനങ്ങളുടെ സുരക്ഷയിലും ചോദ്യമുയര്‍ത്തിയിട്ടുണ്ട്.
മഴയും വെയിലുമേറ്റ് ഫൈറ്റര്‍ ജെറ്റ്
ജൂണ്‍ 14നാണ് എഫ് 35ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിരികെ പോകാന്‍ കഴിയാതെ തിരുവനന്തപുരത്ത് ഇറക്കിയത്. സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തെങ്കിലും സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ പോകാനാതാതെ വിമാനം കേരളത്തില്‍ തന്നെ തുടരുകയായിരുന്നു. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്. കപ്പലില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ വിമാനം പരിശോധിച്ചെങ്കിലും നന്നാക്കാന്‍ സാധിച്ചില്ല. ALSO READ: നന്നാക്കാന്‍ സാധിക്കില്ല; തങ്ങളുടെ യുദ്ധവിമാനത്തെ പൊളിച്ച് കൊണ്ടുപോകാന്‍ ബ്രിട്ടണ്‍?
അങ്ങിനെയിരിക്കെ കേരളത്തിലെ മഴകൊണ്ട് നശിക്കേണ്ടെന്ന് കരുതി വിമാനം ഹാങറിലേക്ക് മാറ്റയിടാമെന്ന ഇന്ത്യയുടെ വാഗ്ദാനം ആദ്യം ബ്രിട്ടന്‍ തള്ളി. ഒടുവില്‍ വിമാനം വിമാനത്താവളത്തിലെ മെയിന്‍റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ സൗകര്യത്തിലേക്ക് മാറ്റിയതായാണ് വ്യാഴാഴ്ച ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ നിന്നുള്ള വിദഗ്ദ സംഘം എത്തിക്കഴിഞ്ഞാല് വിമാനം ഹാങ്ങറിലേക്ക് മാറ്റുകയും ചെയ്യും,
ഹൗസ് ഓഫ് കോമണ്‍സിലും ചര്‍ച്ച
തിങ്കളാഴ്ച ബ്രിട്ടന്‍റെ പ്രതിപക്ഷ എംപിയായ ബെൻ ഒബീസ്-ജെക്റ്റി വിമാനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതായി യുകെ ഡിഫൻസ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനം വീണ്ടെടുക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്? അതിന് എത്ര സമയമെടുക്കും? ജെറ്റ് ബ്രിട്ടന് പുറത്ത് കുടുങ്ങിയിരിക്കുമ്പോള്‍ അതിലെ സംരക്ഷിത സാങ്കേതികവിദ്യകളുടെ സുരക്ഷ സർക്കാർ എങ്ങനെ ഉറപ്പാക്കും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. അപ്പോളും വിമാനം ബ്രിട്ടീഷ് നിയന്ത്രണത്തിലാണെന്ന് തന്നെയാണ് റോയല്‍ നേവി പറയുന്നത്. റോയൽ എയർഫോഴ്‌സ് ജീവനക്കാർ എല്ലായ്‌പ്പോഴും ഒപ്പമുള്ളതിനാൽ ജെറ്റിന്റെ സുരക്ഷ നല്ല കൈകളിലാണെന്നും നേവി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രതിച്ഛായ തന്നെ നഷ്ടപ്പെടുത്തുന്നതാണ് സംഭവമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ALSO READ: ഇപ്പൊ ശരിയാക്കിത്തരാം.. യുദ്ധവിമാനത്തിന്‍റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘം എത്തും ...
സമൂഹമാധ്യമങ്ങളില്‍ മീമുകള്‍
മണ്‍സൂണില്‍ കുതിരുന്ന സംസ്ഥാനത്ത് മഴയേറ്റ് ഒറ്റപ്പെട്ട് കിടക്കുന്ന വിമാനത്തിന്‍റെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും മീമുകള്‍ക്കും കാരണമായിട്ടുണ്ട്. ഒരു വൈറല്‍ പോസ്റ്റില്‍ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന വിമാനം 4 മില്യൺ ഡോളറിന് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നെന്ന് കളിയാക്കി പറയുന്നുണ്ട്. വിമാനം ഇത്രയും കാലം ഇന്ത്യയില്‍ കിടന്നതിനാല്‍ അതിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. വിമാനം ഇന്ത്യയില്‍ കഴിയുന്നിടത്തോളം കാലം അതിന് വാടക ഈടാക്കണം, കൊഹിനൂര്‍ രത്നം തന്നാലെ വിട്ടുകൊടുക്കാവൂ എന്നിങ്ങനെയുള്ള കമന്‍റുകളും നിറയുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബിയെ പരസ്യത്തിൽ ഉൾപ്പെടുത്തി കേരള ടൂറിസവും രംഗത്തെത്തിയിരുന്നു. 'കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് പരസ്യം കേരള ടൂറിസം പങ്കിട്ടത്.
റോയല്‍ നേവിക്ക് രണ്ട് വഴികള്‍
നിലവില്‍ റോയല്‍ നേവിക്ക് രണ്ട് വഴികളാണ് ഉള്ളതെന്നാണ് മുംബൈയിലെ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ സെന്റർ ഫോർ സെക്യൂരിറ്റി, സ്ട്രാറ്റജി ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സമീർ പാട്ടീൽ ബിബിസിയോട് പറഞ്ഞത്. ഒന്നെങ്കില്‍ നന്നാക്കി തിരിച്ചുപറത്തുക. അല്ലെങ്കില്‍ വലിയ കാര്‍ഗോ വിമാനങ്ങളുപയോഗിച്ച് എയര്‍ ലിഫ്റ്റ് ചെയ്യുക. ഓരോ ദിവസം പിന്നിടുമ്പോഴും അത് എഫ് 35 ബിയുടെയും റോയല്‍ നേവിയുടെയും പ്രതിച്ഛായയെയും വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കുമെന്നും സമീര്‍ പറഞ്ഞു. കൂടുതല്‍ തമാശകളും മീമുകളും പുറത്ത് വരും, കിംവദന്തികളും തെറ്റായ വിവരങ്ങളം പ്രചരിക്കും അദ്ദേഹം പറഞ്ഞു. ശത്രുരാജ്യത്താണെങ്കില്‍ ഈ വിമാനം കൊണ്ടുപോകാന്‍ ഇത്രയും സമയമെടുക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിക്കുന്നു. ALSO READ: ‘പെട്ടുപോയ’ ബ്രിട്ടിഷ് യുദ്ധവിമാനത്തെ പരസ്യമാക്കി കേരള ടൂറിസം...