Image Credit: AFP/x/IAFsite
ഇറാന്‍ വ്യോമസേനയുടെ YAK-130 യുദ്ധവിമാനം ടെഹ്റാന് മുകളില്‍ വച്ച് തന്നെ ഇസ്രയേല്‍ വെടിവച്ചിട്ടെന്ന് റിപ്പോര്‍ട്ടുകള്‍. എഫ്–35 സ്റ്റെല്‍ത്ത് യുദ്ധവിമാനം ഉപയോഗിച്ചാണ് പൈലറ്റുള്ള വിമാനത്തെ വെടിവച്ച് വീഴ്ത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ അവകാശവാദം. യുദ്ധവിമാനം വെടിവച്ചിടുന്നതിന്‍റെ 16 സെക്കന്‍റുള്ള വിഡിയോയാണ് പുറത്ത് വിട്ടത്. ' ഞാനത് തീര്‍ത്തു. ലക്ഷ്യം കണ്ടു. ആക്രമണം തുടരും'.. എന്ന് പൈലറ്റ് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. എക്സിലൂടെയാണ് ഇസ്രയേല്‍ സൈന്യം വിഡിയോ പുറത്തുവിട്ടത്. Also Read: ഇറാന്‍റെ അടുത്ത യുദ്ധക്കപ്പലും ആക്രമിക്കാന്‍ യുഎസ്
40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൈലറ്റുള്ള വിമാനത്തെ ആകാശത്ത് വച്ച് ഇസ്രയേല്‍ നേരിടുന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ സംബന്ധിച്ചുള്ള ശബ്ദ സന്ദേശവും ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ വ്യോമസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ തോമര്‍ ബാറും എഫ്–35 ലെ പൈലറ്റുമായി നടത്തിയ സംഭാഷണമാണിത്. 'ടെഹ്റാന്‍റെ ആകാശത്ത് ഈ നേടിയ ചരിത്ര വിജയം ഇസ്രയേല്‍ വ്യോമസേനയുടെ കരുത്തും പൈലറ്റിന്‍റെ നിശ്ചയദാര്‍ഡ്യവും വെളിവാക്കുന്നതാണ്. നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സമാധാനമായി തിരിച്ച് വരൂ. അടുത്ത ദൗത്യം നിങ്ങളെ കാത്തിരിക്കുന്നു' എന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. Read More: ‘ഇന്ത്യയുടെ അതിഥിയായി പോയതാണ്, മുക്കിക്കളഞ്ഞു, ട്രംപ് നിങ്ങള്‍ കഠിനമായി ഖേദിക്കും’
ടെഹ്റാനിലെ സെക്യൂരിറ്റി കമാന്‍ഡ് സെന്‍ററുകളും പടിഞ്ഞാറന്‍ ഇറാനിലെ ഇസ്ഫഹാനിലുള്ള മിസൈല്‍ കേന്ദ്രവുമടക്കം പന്ത്രണ്ടിലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തി. ബലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരുന്ന ടെഹ്റാനിലെ കേന്ദ്രം തകര്‍ത്തുവെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
ശനിയാഴ്ചയാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയടക്കം ഉന്നതരെ ഇസ്രയേലും അമേരിക്കയും ആക്രമിച്ച് വധിച്ചത്. മണിക്കൂറുകള്‍ക്കകം ഇസ്രയേലിനെയും മധ്യപൂര്‍വേഷ്യയിലെ യുഎസ് സൈനികത്താവളങ്ങളെയും ഇറാന്‍ ആക്രമിച്ചു.