Image: Manorama
ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായിപ്പോയ ഇറാന്‍ യുദ്ധക്കപ്പല്‍ മുക്കി 87 ജീവനുകള്‍ ഇല്ലാതാക്കിയ അമേരിക്കയും ട്രംപും കഠിനമായി ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍വച്ച് ‘ഐറിസ് ദേന’യെന്ന ഇറാനിയന്‍ കപ്പല്‍ യുഎസ് സൈന്യം ജലബോംബെന്നറിയപ്പെടുന്ന ടോര്‍പിഡോ മിസൈല്‍ വിട്ട് തകര്‍ത്തത്.
യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഈ പാതകം ചെയ്തതെന്നും ദുഖിക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറയുന്നു. ‘130 പേരാണ് കപ്പലിലുണ്ടായിരുന്നത്, 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, എന്‍റെ വാക്ക് കുറിച്ചുവച്ചോളൂ, ഇതിന് മറുപടി അത്യന്തം കയ്പേറിയതായിരിക്കും, കഠിനമായി ഖേദിക്കും അമേരിക്ക’–എന്നാണ് അരാഗ്ച്ചി എക്സില്‍ കുറിച്ചത്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് അമേരിക്ക ഒരു ശത്രുരാജ്യത്തിനെതിരെ ടോര്‍പിഡോ ഉപയോഗിക്കുന്നത്. വിശാഖപട്ടണത്തുവച്ചു നടന്ന മിലന്‍ 2026 നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ഇറാന്‍ യുദ്ധക്കപ്പല്‍ യുഎസ് ആക്രമിക്കുന്നത്. അതേസമയം ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തതില്‍ കേന്ദ്രസർക്കാരും പ്രതിരോധ വൃത്തങ്ങളും ഇതുവരെ പ്രതികരിക്കാനും തയാറായിട്ടില്ല.
ഇന്ത്യയ്ക്ക് സ്വന്തം അയൽപ്പക്കത്തും സ്വാധീനമില്ലേയെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ചില യുഎസ് മാധ്യമങ്ങളാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസ് നാവികസേന ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫാക്ട് ചെക്കിങ് വിഭാഗം യുഎസ് മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി.