A mourner holds a poster depicting Ayatollah Mojtaba Khamenei, right, the successor to his late father Ayatollah Ali Khamenei, left, as supreme leader, during the funeral procession for senior Iranian military officials and civilians killed during the U.S.-Israel campaign in Tehran, Iran, March 11, 2026. (AP Photo/Vahid Salemi, File)

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്‍റെ ഭരണകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഇസ്രയേലിന്റെ 'ചാനൽ 14', 'ജറുസലേം പോസ്റ്റ്' എന്നീ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഖമനയിയുടെ നില ഗുരുതരമാണെന്ന അഭ്യൂഹങ്ങള്‍ ഭരണവൃത്തങ്ങള്‍ക്കിടയില്‍ തന്നെ ശക്തമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരി 28ന് യു.എസ്- ഇസ്രയേല്‍ സംയുക്ത സൈനികാക്രമണത്തില്‍ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മൊജ്തബ ഖമനയി ഇറാന്‍റെ പരമോന്നത നേതാവാകുന്നത്. എന്നാല്‍ ചുമതലയേറ്റെടുത്ത ശേഷം ഇതുവരെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഔദ്യോഗിക പ്രസ്താവനകളിലൂടെ മാത്രമാണ് ആശയവിനിമയം നടത്തുന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തില്‍ മൊജ്തബ ഖമനയിക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മുഖത്തിന് രൂപമാറ്റം വരെ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ ഖമനയിയുമായി നേരിട്ടുള്ള ആശയവിനിമയം നിലവില്‍ 'വളരെ ബുദ്ധിമുട്ടാണെന്ന്' ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. ഇതിനിടെ സുരക്ഷാ കാരണങ്ങളാല്‍ മൊജ്തബ ഒളിവില്‍ കഴിയുകയാണെന്നും ഉന്നത ഉദ്യോഗസ്ഥരുമായി പോലും ഇടനിലക്കാര്‍ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പരിക്കുകള്‍ നിസ്സാരമാണെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക വൃത്തങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും മൊജ്തബയുടെ അസാന്നിധ്യത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഇതിനകം രാജ്യാന്തര തലത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായുള്ള പൊതുവേദികളിലെ അസാന്നിധ്യം തന്നെയാണ് കാരണം. എന്നാല്‍ തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ടെന്നാണ് ഇറാന്‍റെ ഭരണകേന്ദ്രം അവകാശപ്പെടുന്നുണ്ട്.

അടുത്തിടെ നടന്ന പിതാവിന്‍റെ സംസ്കാര ചടങ്ങുകളില്‍ നിന്നും മൊജ്തബ വിട്ടുനിന്നിരുന്നു. ഇറാന്‍ പരമോന്നത നേതാവായി മൊജ്തബ ഖമനയി അധികാരമേറ്റതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങായിരിക്കും ഇതെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സ്വന്തം പിതാവിന്‍റെ സംസ്കാര ചടങ്ങുകളില്‍ മകന്‍ എത്താത്തത് മൊജ്തബയുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുകയായിരുന്നു. ജൂലൈയില്‍ സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍-ഹദാത്തും ഖമനയി ഇറാനില്‍ ഇല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.

ENGLISH SUMMARY:

Reports from Israeli media outlets indicate that the health condition of Iran's Supreme Leader, Mojtaba Khamenei, has become extremely critical, leading to his hospitalization. He assumed leadership following the death of his father, Ayatollah Ali Khamenei, in a joint US-Israeli military strike last February, during which Mojtaba reportedly sustained severe facial injuries. Since taking office, he has remained absent from public appearances, communicating exclusively through official statements and intermediaries due to security concerns. This continuous public absence, alongside his failure to attend his father's recent funeral, has intensified global speculation regarding his true physical condition.