• 'യുദ്ധത്തിന്‍റെ സമവാക്യങ്ങള്‍ വ്യക്തമാണ്. എല്ലാവരും അല്ലെങ്കില്‍ ആരുമില്ല. ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ സാഹചര്യമില്ലാത്ത പ്രദേശത്ത് മറ്റൊരാളും വില്‍ക്കില്ല'

ഇറാന്‍റെ ക്രൂഡ് ഓയില്‍ വ്യാപാരം തടസപ്പെടുത്തിയാല്‍ ലോകത്ത് ആരും എണ്ണ വില്‍ക്കില്ലെന്ന് മുന്നറിയിപ്പുമായി ടെഹ്റാന്‍. ലോകമെങ്ങുമുള്ള ഇന്ധനവ്യാപാരത്തെ തടസപ്പെടുത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ' യുദ്ധത്തിന്‍റെ സമവാക്യങ്ങള്‍ വ്യക്തമാണ്. എല്ലാവരും അല്ലെങ്കില്‍ ആരുമില്ല. ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ സാഹചര്യമില്ലാത്ത പ്രദേശത്ത് മറ്റൊരാളും വില്‍ക്കില്ല' എന്നായിരുന്നു ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫിന്‍റെ വാക്കുകള്‍. 

ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ഇറാന്‍റെ മുന്നറിയിപ്പ്. പശ്ചിമേഷ്യയുടെ സുരക്ഷയും പ്രാദേശിക സന്തുലിതാവസ്ഥയും പുരോഗതിയും യുഎസ് സൈന്യത്തിന്‍റെ അഭാവത്തില്‍ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിക്കാതെ ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും പഴയത് പോലെ ആകില്ലെന്നും  അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

അതിനിടെ ഇറാനെതിരെ തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും അമേരിക്ക കടുത്ത ആക്രമണം തുടരുകയാണ്. കപ്പല്‍ച്ചാലുകളില്‍ ആക്രമണം നടത്താനുള്ള ഇറാന്‍റെ ശേഷിയെ തച്ചുടയ്ക്കുന്നത് വരെ ആക്രമണങ്ങള്‍ തുടരുമെന്ന് യുഎസ് സെന്‍റ്കോം വ്യക്തമാക്കി. ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കുമെന്നും രാജ്യാന്തര കപ്പല്‍ ഗതാഗതം പഴയതുപോലെ ആക്കുമെന്നും സെന്‍റ്കോം അവകാശപ്പെട്ടിരുന്നു. ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ തൊടുക്കുന്ന ഓരോ മിസൈലിനും പകരമായി ഇറാന്‍റെ ഓരോ പാലവും പവര്‍ പ്ലാന്‍റും ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. 

കുതിച്ചുയര്‍ന്ന് എണ്ണവില

ഇറാന്‍–യുഎസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ആറാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇറാനില്‍ യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹൂതികള്‍ ചെങ്കടലില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ എണ്ണ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. ഒരു ടാങ്കറിന് തീ പിടിച്ചു. രണ്ട് കപ്പലുകള്‍ മടങ്ങിപ്പോയെന്നും ഇറാന്‍ പറയുന്നു. സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ചുയരുകയാണ്. 

ENGLISH SUMMARY:

Iran issues a stern warning that if its crude oil exports are blocked, no other nation will be allowed to sell oil either. Parliament Speaker Mohammad Bagher Ghalibaf declares that regional security is impossible with US military presence and warns about the Strait of Hormuz. Meanwhile, the United States continues intense military strikes against Iran for the twelfth consecutive day to disrupt its shipping lane capabilities. The escalating US-Iran conflict and Houthi tanker attacks in the Red Sea have driven global oil prices to a six-week high.