ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍. രാജ്യാന്തര എണ്ണ വ്യാപാരം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കാന്‍ തങ്ങള്‍ തയാറാണെന്നും പക്ഷേ ഉപാധികള്‍ അംഗീകരിക്കണമെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്. അമേരിക്കയോ സഖ്യകക്ഷികളോ ഇറാനുമായി ഇനിയൊരിക്കലും യുദ്ധത്തിന് മുതിരരുത്, ഇറാന്‍റെ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കണം, യുദ്ധത്തെ തുടര്‍ന്ന് ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സമ്പൂര്‍ണ നഷ്ടപരിഹാരം നല്‍കണം, ഇറാന്‍റെ മരവിപ്പിച്ച ആസ്തികള്‍ നിരുപാധികം വിട്ടുനല്‍കണം, എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണം എന്നിവയാണ് ഇറാന്‍റെ ഉപാധികള്‍. ഇറാന്‍റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ഉപാധികള്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. റവല്യൂഷനറി ഗാര്‍ഡിന്‍റെ കമാന്‍ഡറും കൗണ്‍സില്‍ സെക്രട്ടറിയുമായ മുഹമ്മദ് ബാഘര്‍ സൊല്‍ഘദ്റാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്കയുടെ പെരുമാറ്റം നേരെയാകുന്നത് വരെ ഹോര്‍മുസ് തുറക്കില്ലെന്നായിരുന്ന നിലപാടാണ് ഇറാന്‍ ഇതുവരെ സ്വീകരിച്ചിരുന്നത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ 20 ശതമാനവും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്. കടലിടുക്കാവട്ടെ പൂര്‍ണമായും ഇറാന്‍റെയും ഒമാന്‍റെയും നിയന്ത്രണത്തിലുമാണ്. ഹോര്‍മുസിന്‍റെ കാര്യത്തില്‍ ഒമാനുമായി തങ്ങള്‍ ധാരണയിലെത്തിയെന്നും ഇത് സംബന്ധിച്ച കരാര്‍ വൈകില്ലെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹോര്‍മുസ് തുറക്കണമെങ്കില്‍ ഇസ്‌ലമാബാദ് കരാര്‍ യുഎസ് ലംഘിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അറഗ്ചി പറഞ്ഞിരുന്നു.
അതേസമയം, ഇറാന്‍ മുന്നോട്ട് വച്ച ഉപാധികളില്‍ അമേരിക്ക ഇതുവരെയും പ്രതികരിച്ചിട്ടില്ല. നാവിക ഉപരോധം നീക്കാതെ തന്നെ ഇറാന്‍ കരാറിലെത്തിച്ചേരണമെന്നും ഹോര്‍മുസ് തുറക്കണമെന്നുമാണ് യുഎസ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും വൈകാതെ കരാറിലെത്താന്‍ കഴിയുമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് പ്രതികരിച്ചു. രാജ്യാന്തര എണ്ണവില നിയന്ത്രിക്കാന്‍ ഹോര്‍മുസ് പൂര്‍വസ്ഥിതിയിലാകേണ്ടത് അത്യാവശ്യമാണെന്ന സമ്മര്‍ദം അമേരിക്കയ്ക്ക് മേല്‍ നിലവിലുണ്ട്. അങ്ങനെയെങ്കില്‍ യുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിട്ട ട്രംപിന് അടുത്ത ആഘാതമാകും, ഇറാന് പൂര്‍ണമായും വഴങ്ങിയുള്ള കരാറെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.