Image Credit: x/FSUIINDIA
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പിലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. MV കേപ് ദാവോ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സൂരജ് യാദവാ(26)ണ് മരിച്ചത്. 28 പേരാണ് ആകെ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 20 പേര്‍ ഇന്ത്യക്കാരായിരുന്നു. ഒമാന്‍ റോയല്‍ നേവിയെത്തിയാണ് കപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ച് കരയിലെത്തിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഒമാന്‍ സര്‍ക്കാരുമായി നിരന്തര ബന്ധം തുടരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
രണ്ട് ടോര്‍പിഡോകളാണ് കപ്പലില്‍ പതിച്ചതെന്ന് നാവികരുടെ സംഘടന അറിയിച്ചു. കപ്പലിന്‍റെ സി ഡെക്ക് ഭാഗത്തും മറ്റൊന്ന് എന്‍ജിന്‍ റൂമിന്‍റെ ഭാഗത്തുമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇത്തരം ആക്രമണങ്ങള്‍ നാവികരുടെ ജീവന് തന്നെ ആപത്താണെന്നും ഹോര്‍മുസില്‍ സുരക്ഷിത യാത്ര ഒരുക്കണമെന്നും നാവികരുടെ ജീവന്‍ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ചരക്കുകപ്പലുകള്‍ക്ക് നേരെ ഇപ്പോഴും ആക്രമണം ഉണ്ടാകുന്നത് ആശങ്കയേറ്റുന്നതാണെന്നും നയതന്ത്ര ഇടപെടലുകളിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതപാതയൊരുങ്ങണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചരക്കുകപ്പലുകളെയും നാവികരെയും സാധാരണ ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും സ്വതന്ത്രവും സുഗമവുമായ വ്യാപാരം എത്രയും വേഗം വീണ്ടെടുക്കണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു.