.

ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായി വിലയിരുത്തപ്പെട്ട കഴിഞ്ഞ ആഴ്ചയിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം മധ്യപൂര്‍വേഷ്യയില്‍ വീണ്ടും നയതന്ത്ര നീക്കങ്ങൾ സജീവമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തെ അമേരിക്കയുടെ രാഷ്ട്രീയ ബലഹീനതയുടെ സൂചനയായാണ് ഇറാനിലെ രാഷ്ട്രീയനേതൃത്വം  നോക്കികാണുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇറാന്‍.  എട്ടു മാസമായി തുടരുന്ന യുദ്ധത്തിൽ  ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു എന്നതിന് തെളിവാണ് ഈ രാഷ്ട്രീയ തിരിച്ചടിയെന്ന് ഇറാന്‍ വാദിക്കുന്നു. 

ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ട്രംപ് ഭരണകൂടത്തിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയത്്.‘ യുദ്ധത്തിലും തിരഞ്ഞെടുപ്പിലും ട്രംപ് പരാജയപ്പെട്ടു;’ എന്നായിരുന്നു റെസായിയുടെ പരിഹാസം. ട്രംപ് സ്വന്തം രാജ്യത്ത് സമ്മർദ്ദത്തിലാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് അദ്ദേഹം കൂടുതൽ വലിയ വില നൽകേണ്ടതുണ്ടെന്നുമാണ് ഇറാന്‍റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇറാനിലെ തീവ്ര പക്ഷക്കാര്‍ ട്രംപിനെക്കൊണ്ട് യുദ്ധത്തിന് വലിയ വില നല്‍കിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. 

തങ്ങൾ ഇതിനകം തന്നെ ഈ യുദ്ധത്തില്‍ വിജയിച്ചുകഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ഇറാനിലെ തീവ്ര പക്ഷക്കാര്‍ക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയം പുതിയ ആത്മവിശ്വാസവും ആയുധവുമാണ് നല്‍കിയത്. വാഷിംഗ്ടണിന് വിട്ടുവീഴ്ചകൾ നൽകുന്നതിന് പകരം ചർച്ചകളിൽ ഇറാന്‍ സർക്കാർ ഉറച്ചുനിൽക്കണമെന്നാണ് ഇറാനിലെ യാഥാസ്ഥിതിക രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഇറാന് കൂടുതൽ ശക്തമായ സ്ഥാനം നൽകുന്ന ഒരു പുതിയ ലോകക്രമം വേണമെന്നും കടുത്ത നിലപാടുകാർ വാദിക്കുന്നു. ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയും ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്.

 ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട ദയനീയ തിരിച്ചടിക്ക് യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് കാരണമെന്നാണ് ട്രംപും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ.ഡി. വാൻസും ന്യായീകരിച്ചത്. പാർട്ടി നേരിട്ട പരാജയത്തിന് മധ്യ പൂര്‍വേഷ്യയിലെ സംഘർഷം ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്ന് ഫോക്സ് ന്യൂസുമായുള്ള സംഭാഷണത്തിനിടെ ട്രംപ് സമ്മതിച്ചിരുന്നു. എന്നാൽ വാൻസ് ഇക്കാര്യം കൂടുതൽ വ്യക്തമായിത്തന്നെ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ യുദ്ധം ട്രംപിന് ഒരു രാഷ്ട്രീയ ബാധ്യതയായി മാറി എന്നാണ് ഇറാനിലെ യാഥാസ്ഥിതിക വിഭാഗം ഉറപ്പിക്കുന്നത്.

അതേസമയം സംഘർഷം തുടങ്ങി എട്ടു മാസങ്ങൾ പിന്നിട്ടിട്ടും നിർണായകമായ എന്തെങ്കിലും നീക്കങ്ങളിലേക്കെത്താന്‍ ഇരുപക്ഷത്തിനും സാധിച്ചിട്ടില്ല.  ചർച്ചകളിൽ പുരോഗതിയുണ്ടെന്നും തൽക്കാലം ഇറാനെ ആക്രമിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാതെ നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഇരുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഖത്തർ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചകളിൽ ഇറാനിയൻ പ്രതിനിധികൾ ടെഹ്‌റാനും ദോഹയ്ക്കുമിടയിൽ പലതവണ യാത്ര ചെയ്തു. നിർദ്ദിഷ്ട കരാർ, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്കും യുദ്ധം അവസാനിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ചൊവ്വാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ശേഷം മേഖലയിലുടനീളം നയതന്ത്ര പ്രവർത്തനങ്ങൾ സജീവമായിട്ടുമുണ്ട്. ഖത്തർ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മില്‍ നടന്ന നിർണ്ണായക ചര്‍ച്ച പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. മധ്യസ്ഥ ശ്രമങ്ങളിലൂടെ യുദ്ധം ഒഴിവാക്കാൻ സാഹചര്യമൊരുങ്ങിയെന്നായിരുന്നു ചര്‍ച്ചയ്ക്കുശേഷമുള്ള ട്രംപിന്‍റെ പ്രതികരണം. സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോണിൽ സംസാരിച്ചതായി ഖത്തർ അറിയിച്ചു. അതിനിടെ ടെഹ്‌റാനുമായുള്ള ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളിലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുരോഗതിയുണ്ടായാൽ, ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് ഉത്തരവിടേണ്ടി വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാൻ സമ്മതിക്കുന്നതിന് മുമ്പായി, വാഷിംഗ്ടൺ പാലിക്കേണ്ട ഏഴ് നിബന്ധനകളും ടെഹ്‌റാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, നഷ്ടപരിഹാരം നൽകുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, ഉപരോധങ്ങൾ നീക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ആവശ്യങ്ങളില്‍ ഏതൊക്കെ അംഗീകരിക്കാന്‍ വാഷിങ്ടണ്‍ തയാറാകും എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

US Midterm Elections Impact on Trump and Iran:

US midterms Republican defeat has emboldened Iran to increase pressure on the Trump administration during ongoing Middle East tensions. Iranian hardliners view the US political setback as a sign of weakness and are demanding major concessions before ending the conflict