ഇറാനെതിരെ അമേരിക്ക നടപ്പിലാക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഫലപ്രദമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വരും ദിവസങ്ങളില്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി7 രാജ്യങ്ങളുടെ യോഗത്തിന് ശേഷമാണ് മാർക്കോ റൂബിയോയുടെ പ്രതികരണം.
ഇറാനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധം രാജ്യത്തിന് മേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. ആണവ ഭീഷണി തടയുന്നതിനും പശ്ചിമേഷ്യയിലെ സമാധാനത്തിനും വേണ്ടി മുൻകാല ഭരണകൂടങ്ങൾ ചെയ്യാന്‍ മടിച്ച നടപടികള്‍ ഡൊണാൾഡ് ട്രംപ് സ്വീകരിക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഈ നടപടികള്‍ ജനപ്രിയമല്ലെന്ന് അറിയാമെന്നും എങ്കില്‍കൂടിയും രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഇവ അത്യാവശ്യമായിരുന്നുവെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.
എന്നാല്‍ മേഖലയിലെ കപ്പൽ ഗതാഗതത്തിനോ യുഎസ് സൈന്യത്തിനോ ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷ ഭീഷണികൾ ഉണ്ടായാൽ സ്വയം പ്രതിരോധിക്കാനുള്ള പൂർണ അവകാശം അമേരിക്കയ്ക്കുണ്ടെന്നും മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാന് യുദ്ധത്തിന് ചെലവായ തുക ഇസ്രയേല്‍ ഉള്‍പ്പടെയുള്ള സഖ്യകക്ഷികള്‍ തിരികെ നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തില്‍ യുഎസ് സംരക്ഷിച്ച രാജ്യങ്ങള്‍ സൈനിക ചെലവ് നല്കാന് ബാധ്യസ്ഥരാണെന്നാണ് ട്രംപിന്റെ വാദം. ഇറാനെതിരായ പുതിയ സൈനിക നടപടി തൽക്കാലം ഒഴിവാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രി അടക്കം മേഖലയിലെ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്നും ട്രംപ് വിശദീകരിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ സൈനികമായി തകർന്നു എന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് പറഞ്ഞു.