• മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അയഡിന്‍ ഗുളികകള്‍ നല്‍കുന്നത്. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു

യുഎസ്–ഇറാന്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ആണവകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള മേഖലകളില്‍ അയഡിന്‍ ഗുളികകള്‍ വിതരണം ചെയ്ത് ഇറാന്‍. തെക്കന്‍ മേഖലകളിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളിലും ശക്തമായ സ്ഫോടനമാണ് ഉണ്ടായത്. ഇറാനില്‍ നിന്നും മടങ്ങിയ കപ്പലും യുഎസ് പോര്‍വിമാനത്തിന്റെ ആക്രമണത്തിനു ഇരയായിരുന്നു.

Also Read: തെക്കന്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം; ഒമാന്‍ കടലില്‍ കപ്പല്‍ ആക്രമിച്ച് യുഎസ്


ഈ സാഹചര്യത്തിലാണ് ആണവാക്രമണ ഭീഷണി കൂടി ഇറാന്‍ നേരിടുന്നത്. ഇടക്കാല തിരഞ്ഞെടുപ്പോടുകൂടി അടിതെറ്റിയ ട്രംപ് ഇനി നിലവിട്ട് പെരുമാറാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ആണവാക്രമണ ഭീഷണിയുള്‍പ്പെടെ ഇറാന്‍ പ്രതീക്ഷിക്കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അയഡിന്‍ ഗുളികകള്‍ നല്‍കുന്നത്.

ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രങ്ങളുടെ മൂന്ന് കിലോമീറ്റര്‍ വരെ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് സാധാരണയായി ഇത്തരം മുന്‍കരുതലുകള്‍ നല്‍കാറുള്ളത്. ആണവകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പുറത്തുവരാന്‍ സാധ്യതയുള്ള റേഡിയോ ആക്ടീവ് അയഡിന്‍ തൈറോയിഡ് ഗ്രന്ഥി ആഗിരണം ചെയ്തേക്കും. ഇത് തടയാനാണ് അയഡിന്‍ ഗുളികകള്‍ ഉപയോഗിക്കുന്നത്.

ആണവസ്ഫോടനത്തിലും ആണവ റിയാക്ടർ അപകടത്തിലും റേഡിയോ ആക്ടീവ് പദാർഥങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചേക്കും. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് റേഡിയോ ആക്ടീവ് അയഡിൻ. ഈ റേഡിയോ ആക്ടീവ് അയഡിന്‍ വായുവിലൂടെയോ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മനുഷ്യശരീരത്തിലെത്താം.

ഈ അയഡിന്‍ സാധാരണ അയഡിന്‍ പോലെ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്യും. ഇത് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കിയേക്കും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൈറോയിഡ് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.

അയഡിന്‍ ഗുളികകള്‍ എങ്ങനെ പ്രവര്‍ത്തിക്കും?

ഈ ഗുളികകളില്‍ പൊട്ടാസ്യം അയഡൈഡ് ആണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിലേക്ക് ഈ അധിക അയഡിന്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ ശരീരത്തിനു ആവശ്യമായ സ്ഥിരതയുള്ള അയഡിന്‍ ലഭ്യമാകും. അതോടെ തൈറോയ്ഡ് ഗ്രന്ഥി വീണ്ടും അയഡിന്‍ ആഗിരണം ചെയ്യാനുള്ള സാധ്യത കുറയുന്നു. ആഗിരണം ചെയ്യപ്പെടാതാവുന്നതോടെ ശരീരം ഈ റേഡിയോ ആക്ടീവ് അയഡിനെ പുറന്തള്ളുന്നു.

യുദ്ധാന്തരീക്ഷത്തില്‍ അയഡിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് സ്വാഭാവികമാണ്, അധികൃതര്‍ നിര്‍ദേശം നല്‍കുമ്പോള്‍ മാത്രമേ ഇത് കഴിക്കേണ്ട കാര്യമുള്ളൂ, അതായത് റേഡിയോ ആക്ടീവ് അയഡിന്‍ ശരീരത്തിലെത്തുന്നതിനു തൊട്ടുമുന്‍പോ ശേഷമോ ഉള്ള ആദ്യ മണിക്കൂറുകളിലാണ് ഈ ഗുളിക കഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാവുക.

അയഡിന്‍ ഗുളികകള്‍ ആണവവികിരണങ്ങളില്‍ നിന്നുള്ള രക്ഷയോ?

എന്നാല്‍ എല്ലാ തരത്തിലുള്ള ആണവവികിരണങ്ങളില്‍ നിന്നുമുള്ള രക്ഷയല്ല ഈ അയഡിന്‍ ഗുളികകള്‍. മറ്റേതെങ്കിലും അവയവങ്ങളേയോ ശരീരഭാഗങ്ങളേയോ സംരക്ഷിക്കാന്‍ ഈ ഗുളികകള്‍ക്ക് സാധിക്കില്ല. ആണവായുധത്തില്‍ നിന്നുള്ള സംരക്ഷണ ഗുളികകളല്ലെന്ന് സാരം. റേഡിയോ ആക്ടീവ് അയഡിൻ തൈറോയ്ഡ് ഗ്രന്ഥിയിൽ അടിഞ്ഞുകൂടുന്നത് തടയുക മാത്രമാണ് അവയുടെ ലക്ഷ്യം. ആണവ അടിയന്തരാവസ്ഥയിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക, കെട്ടിടത്തിനുള്ളിൽ അഭയം തേടുക, അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക എന്നിവയാണ് പ്രധാനം

Iran to distribute iodine tablets to residents living nearby nuclear facilities:

Amid escalating US-Iran tensions, Iran has distributed iodine tablets in areas surrounding its nuclear facilities. Over the past few hours, powerful explosions have been reported in various locations across the southern region. Additionally, a ship returning from Iran was targeted in an attack by a US warplane