Image: X/IrnaEnglish
അമേരിക്ക– ഇറാന് സംഘര്‍ഷം അയവില്ലാതെ തുടരവേ തങ്ങളുടെ അത്യാധുനിക ഭൂഗർഭ 'മിസൈൽ നഗരം' വെളിപ്പെടുത്തി ഇറാന്. എയ്റോസ്പേസ് വാരാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ഐആർജിസി തങ്ങളുടെ രഹസ്യ ഭൂഗർഭ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. തസ്നിം ന്യൂസ് ഏജൻസിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടേയും അവയുടെ ലോഞ്ചറുകളുടേയും വന്‍ശേഖരവുമായാണ് മിസൈൽ നഗരം തുറന്നത്. കഴിഞ്ഞയാഴ്ച, തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കിയിരുന്നു.
ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദുള്ളഹി, ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി എന്നിവരുടെ സാന്നിധ്യത്തിലാണ് മിസൈൽ നഗരം തുറന്നത്. വിവിധതരം ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും അവയുടെ ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന കൂറ്റൻ ഭൂഗർഭ കേന്ദ്രമാണിതെന്ന് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തം. മിസൈല്‍ സംഭരണ ശാലകൾക്ക് പുറമെ, മിസൈലുകളുടെയും ഡ്രോണുകളുടെയും ഉത്പാദന യൂണിറ്റുകളും ഈ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് മാറ്റിയതായി ഐആർജിസി വ്യക്തമാക്കി. ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടായാലും ആയുധ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ ഇത് സഹായിക്കുമെന്നാണ് ഇറാന് പറയുന്നത്.
ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും രാജ്യത്തിന്റെ സൈനിക ശേഷി നിലനിർത്താനും ഇത്തരം ഭൂഗർഭ നഗരങ്ങൾക്ക് കഴിയുമെന്ന് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബി പറഞ്ഞു. എന്നാൽ ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയെന്ന് സൂചന നല്കുന്ന ഒന്നും തന്നെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മിസൈലുകളുടെ കൃത്യമായ എണ്ണമോ തരമോ കേന്ദ്രത്തിന്റെ പ്രവർത്തനശേഷിയോ ഇറാന് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്ന് ഇറാനിയൻ മിസൈൽ ശേഖരത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, അവരുടെ ഭൂഗർഭ തുരങ്കങ്ങളുടെയും മിസൈൽ കേന്ദ്രങ്ങളുടെയും 90 ശതമാനത്തോളം ഭാഗങ്ങളും ഇപ്പോഴും സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസൈൽ ലോഞ്ചറുകളിൽ ഭൂരിഭാഗവും ഇപ്പോഴും കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മുൻപ് 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടായിരുന്നതായി കണക്കാക്കിയിരുന്നെങ്കിലും യുഎസ്- ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം ഇത് 2,000-ൽ താഴെയായി കുറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ യുദ്ധഭീഷണികൾക്ക് മുന്നിൽ പതറാതെയാണ് പുതിയ മിസൈൽ ശേഖരം ഇറാന് പരസ്യപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക മുഖ്യ ഭീഷണിയായി ചൂണ്ടിക്കാണിക്കുന്ന മിസൈൽ പദ്ധതികളിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇറാന് നൽകുന്നത് ഒപ്പം രാജ്യം യുദ്ധസജ്ജമാണെന്ന പ്രഖ്യാപനവും.