Image Credit: AFP
നടുക്കടലില്‍ വച്ച് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് യുകെയുടെ സഹായം ലഭിച്ചെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടന്‍റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തിനും അയര്‍ലന്‍ഡിനുമടുത്തായി കിടന്ന കപ്പല്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ സൈന്യത്തെ നല്‍കിയതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹേലിയാണ് വ്യക്തമാക്കിയത്. തങ്ങളുടെ വ്യോമ താവളം സൈനിക നടപടിക്കായി യുഎസിന് നല്‍കിയിരുന്നുവെന്നും കപ്പല്‍ പിടിച്ചെടുക്കുവോളം നിരീക്ഷവും ഉറപ്പാക്കിയെന്നും ഹേലി വെളിപ്പെടുത്തി.
വടക്കന്‍ അയര്‍ലന്‍ഡിന് സമീപത്ത് അറ്റ്‌ലാന്‍റികില്‍ ആര്‍എഎഫിന്‍റെ റിവറ്റ് വിമാനം നിരീക്ഷണപ്പറക്കല്‍ നടത്തിയതിന്‍റെ ഫ്ലൈറ്റ് റെക്കോര്‍ഡുകളും പുറത്തുവന്നിട്ടുണ്ട്. കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് ഓപ്പറേഷന് നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യന്‍ കമാന്‍ഡും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
ഇറാന് മേലുള്ള അമേരിക്കന്‍ ഉപരോധം ലംഘിച്ചതിനാല്‍ റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതില്‍ തെറ്റില്ലെന്നാണ് യുകെയുടെ വാദം. രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് മാത്രമാണ് ബ്രിട്ടന്‍ പ്രവര്‍ത്തിച്ചതെന്നും ഹേലി ന്യായീകരിച്ചു. ഭീകരവാദത്തെയും മധ്യപൂര്‍വ ദേശത്ത് നിന്നും അസ്വസ്ഥതകള്‍ യുക്രെയ്നിലേക്ക് എത്താനും സഹായിക്കുന്ന റഷ്യന്‍–ഇറാനിയന്‍ കൂട്ടുകെട്ടിന്റെ ഭാഗമാണ് മറീനേറയെന്ന ഈ കപ്പലെന്നും ഹേലി ആരോപിച്ചു.
യുഎസ് നേരത്തെ ഉപരോധമേര്‍പ്പെടുത്തിയ ബെല്ല 1 എന്ന കപ്പലാണ് പേരുമാറി മാറിനേറയായതെന്നും കരീബിയന്‍ കടലിലൂടെ റഷ്യയിലേക്കുള്ള യാത്രയിലായിരുന്നു ഇതെന്നുമാണ് യുകെ പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കപ്പല്‍ അഞ്ചുപ്രാവശ്യം പേരുമാറ്റിയെന്നും ബെല്ലയെന്ന് പേരുണ്ടായിരുന്നപ്പോള്‍ ഗയാനയുടെ കൊടിയാണ് ഉപയോഗിച്ചതെന്നും ഹേലി ആരോപിക്കുന്നു. ഇന്ധനവും ഫണ്ടും റഷ്യയിലേക്ക് അനധികൃതമായി എത്തിക്കാനാണ് കപ്പല്‍ ഉപയോഗിച്ച് പോന്നിരുന്നതെന്നും ഇത്തരം കപ്പലുകള്‍ പിടിച്ചെടുക്കുന്നത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ലയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി അനധികൃത ചരക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് 2024 ജൂലൈയില്‍ യുഎസ് ട്രഷറി ബെല്ലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.