സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബിയെ പരസ്യത്തിൽ ഉൾപ്പെടുത്തി കേരള ടൂറിസം. 'കേരളം അതിമനോഹരം വന്നാൽ ഇവിടെ വിട്ടുപോകാൻ തോന്നുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് പരസ്യം ശ്രദ്ധയാകുന്നത്. ‘ഇനിയിപ്പോൾ F35 ന് ഒരു ആയുർവേദ തിരുമ്മലും പിഴിച്ചിലും നടത്തി പറത്തി വിടാൻ നോക്കൂ...’, മുതലെടുക്കുവാണോ?’എന്നിങ്ങനെ രസകരമായ കമന്റുകളുമായി ഫോളോവേഴ്സും രംഗത്ത് എത്തി.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വിദഗ്ധരുടെ ആദ്യസംഘം ബ്രിട്ടനില്‍നിന്ന് തിരുവനന്തപുരത്ത് എത്തും. എഫ് 35 ബി വിമാനം ഹാങ്ങറിലേക്കു മാറ്റാനാവശ്യമായ ഉപകരണങ്ങളുമായി അടുത്ത സംഘം ഈയാഴ്ച തന്നെ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. യുകെയുടെ അഞ്ചാംതലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍ നടക്കുന്നത്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ 110 മില്യണ്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാർ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.