കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നത് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മന്ത്രിമാര്‍ ആളില്ലാക്കെട്ടിടമെന്നു പ്രഖ്യാപിച്ച് പോയതിനു പിന്നാലെ സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എന്താണ് ഒരു തിരച്ചിലും നടത്താത്തെന്നു ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കെട്ടിടം അപകടാവസ്ഥയിലാണെന്ന് ആര്‍എംഒ മറുപടി നല്‍കുമ്പോള്‍ പുറകില്‍ ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു തിരച്ചിലും നടക്കുന്നില്ലെന്നും വ്യക്തമായി കാണാം. തിരച്ചില്‍ ഒരു ഘട്ടത്തിലും നിര്‍ത്തിവച്ചിട്ടില്ലെന്ന് മന്ത്രി വാസവന്‍റെ അവകാശവാദം തെറ്റാണെന്ന് ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. Also Read: ആരോഗ്യമന്ത്രി നടത്തുന്നത് പി.ആര്‍ ജോലി; രാജിവയ്ക്കണം: വി.ഡി.സതീശന്‍...
അതേസമയം, അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ വാര്‍ഡിലെത്തിയപ്പോഴാണ് ബിന്ദുവിനെ കാണാനില്ലെന്ന വിവരം വ്യക്തമായതെന്നും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റവരോട് സംസാരിക്കുന്ന എം.എല്‍.എയ്ക്കരികില്‍ എത്തിയ ബിന്ദുവിന്‍റെ ഭര്‍ത്താവ് വിശ്രുതനാണ് ഭാര്യയെ കാണാനില്ലെന്നും ഒരു വിവരവും അറിയാനാകുന്നില്ലെന്നും പറയുന്നത്. തുടര്‍ന്ന് ബിന്ദുവിന്‍റെ മകളോടും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ് തുടര്‍നടപടി ആവശ്യപ്പെടുന്നതും ചാണ്ടി ഉമ്മനാണ്.