കണ്ണൂര്‍ പാറാട് യു.ഡി.എഫ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടി വടിവാളുമായി എത്തിയ അക്രമി സംഘം. കാറും ബൈക്കും നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ആക്രമണം. കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകൾ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്‍റെ സന്തോഷ പ്രകടനങ്ങൾ പാറാട് അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്
കറുത്ത വസ്ത്രം ധരിച്ച് പാർട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവർത്തകർ ചിതറിയോടി. എന്നാൽ ഓടി രക്ഷപ്പെട്ടവരെ പിന്തുടർന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികൾ മർദ്ദിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരാൾ സ്‌ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകർക്കുന്നതും കാണാം. വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവർത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവർത്തകന്‍റെ വീട്ടിൽ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്. വീട്ടിലെത്തിയ ഒരാൾ വടിവാളുയർത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു.
ആക്രമണത്തിനുശേഷം അക്രമിസംഘം വീണ്ടും പ്രദേശത്ത് അക്രമം തുടർന്നതായും റിപ്പോർട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അക്രമം നടക്കുന്ന സമയത്ത് പാറാട് മേഖലയിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ പാനൂർ മേഖലയിൽ യുഡിഎഫ് പ്രവർത്തകർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
കാസര്‍കോട് ചെറുവത്തൂരില്‍ സിപിഎം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബളാലില്‍ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വയനാട് കല്‍പറ്റയിലും ആഘോഷപ്രകടനത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കോട്ടയത്ത് മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. പളളിക്കത്തോട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ എത്തിയ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗിയായിരുന്ന പളളിക്കത്തോട് സ്വദേശി ജോണ്‍ പി തോമസ് ആണ് മരിച്ചത്. കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് യുഡിഎഫ് പരാതി.