തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തില്‍ ആരോഗ്യമന്ത്രിയെ പരിഹസരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. നാലുവര്‍ഷംകൊണ്ട് മന്ത്രി എത്ര റിപ്പോര്‍ട്ട് തേടി, ഈ കണക്കെടുത്താല്‍തന്നെ വലിയ പട്ടികയായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.ആര്‍ പ്രചാരണമല്ല യഥാര്‍ത്ഥ സ്ഥിതിയെന്നും മന്ത്രിയുടെ ഓഫീസ് മറ്റുള്ളവരുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം പ്രതിപക്ഷം ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. UDF ഹെല്‍ത്ത് കമ്മിഷന്‍ നാളെ നിലവില്‍വരുമെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലെന്ന് പരിഹരിച്ച അദ്ദേഹം പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. ഇതുപോലൊരു അവസ്ഥ മുന്‍കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
അതേസമയം, ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉപകരണ ക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ ഹാരിസ് ആവർത്തിച്ചു. ഉപകരണങ്ങൾക്കായി സന്നദ്ധ സംഘടനകൾക്ക് മുമ്പിൽ ഇരക്കാറുണ്ടെന്ന് പറഞ്ഞ ഡോക്ടർ രോഗികളിൽ നിന്ന് പണം പിരിവിട്ട് ഉപകരണങ്ങൾ വാങ്ങിയെന്ന ഗുരുതര വെളിപ്പെടുത്തലും നടത്തി.
എന്നാല്‍ ഉപകരണക്ഷാമം സിസ്റ്റത്തിന്‍റെ വീഴ്ചയെന്നും സര്‍ക്കാര്‍ ആശുപത്രികളെ അടച്ചാക്ഷേപിക്കരുതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. സര്‍ക്കാര്‍കൂടി ഉള്‍പ്പെട്ട സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിക്കാനാണ് ശ്രമം. ഡോ.ഹാരിസ് സത്യസന്ധനാണെന്നും അദ്ദേഹത്തിന്‍റെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.