വാഹനാപകടത്തില്‍ മരിച്ച ഷാനറ്റും മൃതദേഹത്തിനരികെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന അമ്മ ജിനുവും.
പെയ്തൊഴിയാത്ത മഴയില്‍ ആ നാടൊന്നാകെ നെഞ്ചുവിങ്ങി കരഞ്ഞ ദിവസമാണ് കടന്നുപോയത്. ഇടുക്കിയിലെ അണക്കരയെന്ന കൊച്ചുഗ്രാമം രണ്ട് പൊന്നുമക്കളുടെ വിയോഗം താങ്ങാനാവാതെ വിതുമ്പിനില്‍ക്കുകയാണ്. അതിലൊരാളുടെ അമ്മയ്ക്ക് മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ നാട്ടുകാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് നേരിട്ടു. മക്കളെ നന്നായി വളര്‍ത്താനും അവരുടെ ഭാവി സുരക്ഷിതമാക്കാനുമായി വിമാനം കയറിയ ആ അമ്മ പക്ഷേ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ് കിടക്കുന്ന പൊന്നുമകനെയാണ്. ‘എല്ലാവരും എല്ലാം മറച്ചുവച്ചില്ലേ, എന്നോട് ഒരുവാക്ക് ആരുംപറഞ്ഞില്ലല്ലോ. അവന്‍ വണ്ടിയെടുത്തോ അമ്മേ. എന്താണ് സംഭവിച്ചത്’ എന്നുചോദിച്ച് ചങ്കുപൊട്ടി കരയുന്ന ആ അമ്മയോട് എന്ത് മറുപടി പറയണമെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ALSO READ; ഷാനറ്റ് മാത്രം മതിയെന്ന് കരുതിയ മാതാപിതാക്കള്‍; മരണം കവര്‍ന്നെടുത്തത് അമ്മ നാട്ടിലെത്താനിരിക്കെ; തീരാനോവ്
ഷാനറ്റിനു വേണ്ടി അമ്മ ജിനു കൊണ്ടുവന്ന സമ്മാനങ്ങള്‍.
രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ അവിടെ വീട്ടുജോലിയും കൂടി ചെയ്യേണ്ടിവന്നു. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഇത് ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. പിന്നീട് കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം കഴിഞ്ഞ ഒന്നര മാസമായി ജിനു തടങ്കലിലായിരുന്നു.
ജിനുവിന്‍റെ പാസ്പോര്‍ട്ട് അടക്കം ഏജന്‍സിയുടെ പക്കലായിരുന്നു. എംബസിയില്‍ നിന്നുള്ള ഇടപെടലുണ്ടായതോടെ ജിനുവിന് താല്‍കാലിക പാസ്പോര്‍ട്ട് ലഭിച്ചു. നാട്ടിലേക്ക് കഴിഞ്ഞയാഴ്ച മടങ്ങാനാകും എന്ന കരുതിയിരുക്കെ ജിനുവിനെ പാര്‍പ്പിച്ചിരുന്ന തടങ്കലില്‍ കോവിഡ് ബാധയുണ്ടായി. ഇതോടെ മടക്കയാത്ര വീണ്ടും നീണ്ടു. അതിനിടെ യുദ്ധഭീതിയും. ജിനു വരാനിരുന്നതിന്‍റെ പിറ്റേദിവസമാണ് ഷാനറ്റ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ജിനുവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൊതു അവധിയുമെല്ലാം പ്രതികൂലമായി. ഈ പ്രശ്നങ്ങളെല്ലാം കടന്ന് എത്രയും പെട്ടെന്ന് വീട്ടിലെത്തണം, മക്കളെ ചേര്‍ത്തുപിടിച്ച് ഉമ്മവയ്ക്കണം. കൊണ്ടുവന്ന സമ്മാനപ്പൊതികള്‍ അഴിക്കുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന സന്തോഷമെല്ലാം മനസ്സില്‍ സ്വപ്നമെന്നപോലെ കണ്ടുകൊണ്ടേയാവണം ആ അമ്മ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ALSO READ; അമ്മ തിരിച്ചെത്തി, ഷാനറ്റിനെ ഒരുനോക്ക് കാണാന്‍; കണ്ണീരണിഞ്ഞ് നാട്
ഷാനറ്റിന്‍റെ മാതാപിതാക്കള്‍ ജിനുവും ഷൈജുവും.
കാത്തിരിക്കുന്നത് ഈ ജീവിതകാലം മുഴുവന്‍ അനുഭവിച്ചാലും തീരാത്ത വേദനയാണെന്ന് ജിനു അറിയുന്നുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട വാഹന യാത്രയ്ക്കുമൊടുവില്‍ വീടടുക്കുമ്പോഴാണ് ഷാനറ്റിന്‍റെ വിയോഗത്തെക്കുറിച്ച് അമ്മ അറിഞ്ഞത്. ‘എന്താണ് എന്‍റെ കുഞ്ഞിന് പറ്റിയത്, ആരെങ്കിലും ഒന്ന് പറ’ എന്ന് അലമുറയിട്ട ആ അമ്മയോട് അവന്‍ കൂട്ടുകാരെ കാണാന്‍ പോയതാണ് മോളെ എന്നുമാത്രം ആരോ പറഞ്ഞു. ‘അവന്‍ വണ്ടിയെടുത്തോ അമ്മേ’ എന്ന ജിനുവിന്‍റെ ചോദ്യത്തിനു മുന്നില്‍ ആര്‍ക്കും ഉത്തരമില്ലാതായി. കഷ്ടപ്പാടുകള്‍ സഹിച്ച് മടുത്ത് എത്രയും പെട്ടെന്ന് നാടണയാന്‍ വെമ്പുമ്പോഴും മകന്‍ ആവശ്യപ്പെട്ട സമ്മാനം കൊണ്ടുവരാന്‍ ജിനു മറന്നിരുന്നില്ല. ഷാനറ്റിന് വലിയ ആഗ്രഹമായിരുന്നു ഒരു സ്മാര്‍ട്ട് വാച്ച്. അതും ടീഷർട്ടും ചോക്ലേറ്റുമെല്ലാം പൊന്നുമകനുവേണ്ടി ജിനു കൊണ്ടുവന്നിരുന്നു. ഈ സമ്മാനങ്ങള്‍ കൂടി വച്ചാണ് ഷാനറ്റിനെ അവര്‍ യാത്രയാക്കിയത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കാഴ്ചകളായിരുന്നു ഇതെല്ലാം.