ഷാനറ്റും മാതാവ് ജിനുവും.

TOPICS COVERED

ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തും. മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ അമ്മയുടെ വാര്‍ത്ത നാടിന് വേദനയായിരുന്നു. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി. ഇന്നുരാവിലെ 11.15-ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഷാനറ്റിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 11 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരുമെന്നാണ് വിവരം.

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും അപകടത്തില്‍ മരണപ്പെട്ടിരുന്നു. അലന്‍റെ അമ്മയും വിദേശത്തായിരുന്നു. അവര്‍ നാട്ടിലെത്തിയ പിന്നാലെ അലന്‍റെ സംസ്കാരം നടത്തി. എന്നാല്‍ ഷാനറ്റിന്‍റെ അമ്മ കുവൈറ്റില്‍ കുടുങ്ങി.

രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് കിട്ടിയില്ല. ഇത് ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം ജിനു തടങ്കലിലായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ജിനു ജയിലിൽ തുടരുകയായിരുന്നു.

മരണവിവരമറിഞ്ഞെത്തിയ എം.പി ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവര്‍ ഷാനറ്റിന്‍റെ പിതാവ് ഷൈജുവിനെ ആശ്വസിപ്പിക്കുന്നു. ചുവപ്പ് കോട്ട് ധരിച്ചിരിക്കുന്നതാണ് ഷാനറ്റിന്‍റെ പിതാവ് ഷൈജു.

ജിനുവിന്‍റെ പാസ്പോര്‍ട്ട് അടക്കം ഏജന്‍സിയുടെ പക്കലായിരുന്നു. എംബസിയില്‍ നിന്നുള്ള ഇടപെടലുണ്ടായതോടെ ജിനുവിന് താല്‍കാലിക പാസ്പോര്‍ട്ട് ലഭിച്ചു. നാട്ടിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച മടങ്ങാനാകും എന്ന കരുതിയിരുക്കെ ജിനുവിനെ പാര്‍പ്പിച്ചിരുന്ന തടങ്കലില്‍ കോവിഡ് ബാധയുണ്ടായി. ഇതോടെ മടക്കയാത്ര വീണ്ടും നീണ്ടു. ജിനു വരാനിരുന്നതിന്‍റെ പിറ്റേദിവസമാണ് ഷാനറ്റ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ജിനുവിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൊതു അവധിയുമെല്ലാം പ്രതികൂലമായി.

നാടിനാകെ ഈ സംഭവം തീരാവേദനയാണ് സമ്മാനിച്ചത്. ഒറ്റ മകന്‍ മതിയെന്നായിരുന്നു ഷിബുവും ജിനുവും തീരുമാനിച്ചിരുന്നത്. ഷാനറ്റ് എന്നാണ് ഇവരുടെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷയുടെ പോലും പേര്. കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ ഷാനറ്റിന് ഒരു കൂട്ടുവേണമെന്ന് തോന്നി. നാലുവര്‍ഷം മുന്‍പ് ഷാനറ്റിന് ഒരു അനുജന്‍ കൂടി ജനിച്ചു. എന്നാല്‍ ഒറ്റ നിമിഷം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. കണ്ണീരില്‍ കുതിര്‍ന്ന് നില്‍ക്കുന്ന വെള്ളറ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തുകയാണ്. ആശ്വാസവാക്കുകള്‍ കിട്ടാതെ വിതുമ്പി നില്‍ക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഇന്ന് ആ അമ്മ എത്തുന്നത്.

രണ്ടുമണിയോടെ ഷാനറ്റിന്റെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ശേഷം ഏഴാം മൈയിൽ ഒലിവുമല സെന്‍റെ ജോൺസ്പള്ളി സെമിത്തേരിയിൽ നാലുമണിക്ക്  സംസ്കരിക്കും എന്നാണ് വിവരം. ജിനുവിനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്‍റോ ആന്‍റണി എം.പി, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവുമുണ്ടായി.

ENGLISH SUMMARY:

Jinu, the mother of Shanat who died in a road accident in Anakkara, Idukki, will arrive in her hometown today. The news of a grieving mother trapped in Kuwait, unable to return after hearing about her son’s death, had moved the entire community. Timely intervention by public representatives finally paved the way for the mother to have a last glimpse of her son. Jinu will arrive at the Nedumbassery airport today at 11:15 AM. Shanat’s body is currently kept in the mortuary of a private hospital in Kattappana and is expected to be brought home around 11 AM.