father-sold-son-for-one-lakh

TOPICS COVERED

രണ്ടര വയസ് പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. ഒഡീഷയിലെ ബരിസാഹി ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ വച്ച് രാകേഷ് കുമാര്‍ വിലപേശുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിറ്റയാളെയും വാങ്ങിയ ആളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പിതാവ് വിറ്റ രണ്ടരവയസുകാരനെ കണ്ടെത്തിയ പൊലീസ്, കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. 50,000 രൂപയാണ് കുട്ടിയെ വാങ്ങിയ ആള്‍ ആദ്യ ഗഡുവായി കൈമാറിയത്. കടുത്ത സാമ്പത്തിക പരാധീനതയാണ് തന്നെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും കുഞ്ഞിനെ വളര്‍ത്താന്‍ നിര്‍വാഹമില്ലെന്നും രാകേഷ്കുമാര്‍ പൊലീസിനോട് പറഞ്ഞു. 'എനിക്ക് നാലുമക്കളാണ് ഉള്ളത്. അവരെ എല്ലാവരെയും വളര്‍ത്താനുള്ള ശേഷിയില്ല. പരിചയക്കാരില്‍ ഒരാളാണ് വാങ്ങിയ ആളെ പരിചയപ്പെടുത്തിയത്. താന്‍ കുട്ടിയെ കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ'- രാകേഷ്കുമാര്‍ പറയുന്നു. 

എന്നാല്‍ രാകേഷ് കുമാര്‍ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും രണ്ടാമത് വിവാഹം കഴിച്ച ബന്ധത്തിലെ കുഞ്ഞിനെയാണ് രാകേഷ് വില്‍ക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. രണ്ടാം വിവാഹത്തിലെ ഭാര്യയുമായി രാകേഷ് ഇപ്പോള്‍ പിരിഞ്ഞ് താമസിക്കുകയാണ്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയ വാങ്ങിയ ആള്‍ ഏതെങ്കിലും റാക്കറ്റിന്‍റെ ഭാഗമാണോ എന്നതിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

In a shocking incident from Odisha's Barisahi village, a father has been arrested for selling his two-and-a-half-year-old son for ₹1 lakh. The crime came to light after a video of the father, Rakesh Kumar, negotiating the child's price went viral on social media. Rakesh claimed extreme poverty and his inability to raise four children as the reason for the sale. Police rescued the toddler and moved him to the Child Welfare Committee's care. Investigations revealed that the child was from Rakesh's second marriage, and he had already received ₹50,000 as the first installment. Both the father and the buyer have been taken into custody. Authorities are now investigating if the buyer is part of a larger child trafficking racket.