ajith-kumar

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഡി.ജി.പി. ദർവേഷ് സാഹിബിന്റെ റിപ്പോർട്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണ് ഡി.ജി.പി. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവി തിരഞ്ഞെടുപ്പും ഡി.ജി.പി. റാങ്കിലേക്കുള്ള പ്രവേശനവും അടുത്തിരിക്കെ പുറത്തുവന്ന ഈ റിപ്പോർട്ട് അജിത് കുമാറിന് കനത്ത തിരിച്ചടിയാണ്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

  • കൃത്യനിർവഹണത്തിൽ വീഴ്ച: പൂരം നടത്തിപ്പിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ അക്കമിട്ടു പറയുന്നു.
  • മന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചു: ദേവസ്വവും പോലീസും തമ്മിൽ നിലനിൽക്കുന്ന തർക്കം മന്ത്രി കെ. രാജൻ എ.ഡി.ജി.പിയെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, ഇത് പരിഹരിക്കാനുള്ള നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ല.
  • ഫോൺ വിളിച്ചിട്ട് എടുത്തില്ല: രാത്രി പൂരം മുടങ്ങിയ ശേഷം മന്ത്രി കെ.രാജന്‍ ഉൾപ്പെടെയുള്ളവർ വിളിച്ചിട്ടും എ.ഡി.ജി.പി. ഫോൺ എടുത്തില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
  • അന്വേഷണത്തിലെ അലംഭാവം: പിറ്റേദിവസം പൂരത്തിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാതെ അജിത് കുമാർ മൂകാംബികയിലേക്ക് മടങ്ങി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ച ശേഷം ആയിരിക്കും തുടർനടപടി വേണോ എന്ന് തീരുമാനിക്കുക.

ENGLISH SUMMARY:

ADGP M.R. Ajith Kumar has been held responsible for a major lapse in the handling of the Thrissur Pooram festivities, according to a report by the DGP. The report, submitted to the government, states that despite prior warnings, Ajith Kumar failed to intervene in time when the Pooram celebrations were disrupted.