സ്വര്‍ണവില പവന് ലക്ഷം കടന്നതോടെ സ്വര്‍ണമോഷണവും വ്യാപകമാകുന്നു. വഴിയരികില്‍ പതുങ്ങിയിരുന്നുളള മാലപൊട്ടിക്കല്‍ മുതല്‍ വീടുകയറി ആക്രമിച്ചുള്ള കവര്‍ച്ചവരെ കൂടിവരുന്നു. വാങ്ങുന്നതിനെക്കാള്‍ കൈയിലുള്ള സ്വര്‍ണം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍. ഒരാഴ്ചയിക്കിടെ മാത്രം പത്തിലധികം സ്വര്‍ണാഭരണ പിടിച്ചുപറിയാണ് സംസ്ഥാനത്തുണ്ടായത്.
കേരളത്തിലെ 70 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു പവന്‍ സ്വര്‍ണമെങ്കിലും ഉണ്ടെന്നാണ് കണക്ക്. അതായത് മലയാളികളില്‍ നല്ലൊരുശതമാനവും ഇന്ന് ലക്ഷപ്രഭുക്കളാണ്. എളുപ്പത്തില്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായി സ്വര്‍ണം മാറിയതോടെ ഏത് മാര്‍ഗത്തിലൂടെയും അത് കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും കൂടി. സ്ഥിരം കള്ളന്മാരെക്കാള്‍, പെട്ടെന്ന് പണം സമ്പാദിക്കാന്‍ കള്ളന്‍റെ വേഷം കെട്ടിയിറങ്ങുന്നവരാണ് അപകടകാരികള്‍. കവര്‍ച്ചയ്ക്ക് അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് മലപ്പുറം വെട്ടിച്ചിറയിലെ മോഷണം തെളിയിക്കുന്നു. പൂളമംഗലത്തെ വീട്ടിൽ SIR ഫോമിന്റെ വിവരങ്ങൾ ശേഖരിക്കാൻ എന്ന പേരിൽ സ്ത്രീ വേഷത്തിലാണ് അയല്‍വാസി എത്തിയത്. നഫീസയെ ക്രൂരമായി ആക്രമിച്ചായിരുന്നു മോഷണം.
ആലപ്പുഴ മണ്ണാഞ്ചേരിയില്‍ മകന് അശ്ലീല വീഡിയോകള്‍ കാണിച്ച് വശത്താക്കി, മകനെക്കൊണ്ട് അമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിപ്പിച്ച വിരുതന്‍ വലയിലായി. വ്യാഴാഴ്ച കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തിനിടെ നാലുപേരുടെ മാല മോഷണംപോയി. അന്നേ ദിവസം പന്തളത്ത് പ്രവാസിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങളും കണ്ണൂര്‍ പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും കവര്‍ന്നു.
വെള്ളിയാഴ്ച ചെന്നിത്തല തൃപ്പെരുന്തറയില്‍ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ചൊവ്വാഴ്ച വടകരയില്‍ ഓട്ടോറിക്ഷയില്‍ സഹയാത്രികയില്‍ നിന്ന് സ്വര്‍ണ മാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയിലായി. ജനുവരി 23ന് ഒറ്റപ്പാലം കയറാംപാറയിൽ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് വയോധികയുടെ സ്വർണമാല കവർന്നത്.