thrissur-gold-case-03

തൃശൂര്‍ ആര്‍.ഡി.ഒ. കോടതിയിലെ ലോക്കറില്‍ നിന്ന് എട്ടര പവന്‍റെ സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. കലക്ടര്‍ പ്രഖ്യാപിച്ച സമാന്തര അന്വേഷണം നടത്തുന്ന ഡപ്യൂട്ടി കലക്ടറാണ് ചോദ്യംചെയ്യുക. മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെയാണ് ഇടപെടല്‍.

 

സുലേഖ മനോരമ ന്യൂസില്‍ പറഞ്ഞ സങ്കടം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കേട്ടു. സമാന്തര അന്വേഷണത്തിനു കലക്ടര്‍ നിര്‍ദേശം നല്‍കി. 2003ലാണ് തൃശൂര്‍ കാട്ടൂര്‍ സ്വദേശി റംലത്ത് തലച്ചോറില്‍ അസുഖം ബാധിച്ച് മരിക്കുന്നത്. ദേഹത്തുണ്ടായിരുന്ന എട്ടര പവന്‍റെ സ്വര്‍ണം പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷം ആര്‍.ഡി.ഒ. കോടതിയുടെ ലോക്കറിലേയ്ക്കു മാറ്റി. കൈക്കുഞ്ഞുങ്ങളായിരുന്നു റംലത്തിന്. കുഞ്ഞുങ്ങള്‍ക്ക് 2022ല്‍ പ്രായപൂര്‍ത്തിയായി. 

 

ഈ സമയം, സ്വര്‍ണം തിരിച്ചുകിട്ടാന്‍ അപേക്ഷ നല്‍കി. ലോക്കര്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടം. പിന്നാലെ, തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. സ്വര്‍ണമാണെന്ന് പരിശോധിച്ച് ഗോള്‍ഡ് അപ്രൈസര്‍ രേഖ നല്‍കിയിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിലും സ്വര്‍ണം മോഷ്ടിച്ചവരെ കണ്ടെത്താനായില്ല. സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല ഈ കുടുംബത്തിന്. എട്ടര പവന്‍റെ സ്വര്‍ണം കിട്ടിയാല്‍ മൂന്നു സെന്‍റ് ഭൂമി വാങ്ങി കുടില്‍ക്കെട്ടാനായിരുന്നു ആഗ്രഹം. പക്ഷേ, അതിനിനി സ്വര്‍ണം കിട്ടണം. 

 

പത്തൊന്‍പതു വര്‍ഷത്തിനിടെ ആര്‍ ഡി ഒ കോടതിയില്‍ ജോലിയെടുത്ത സീനിയര്‍ സൂപ്രണ്ടുമാരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇനി, ആരാണെന്ന് കണ്ടെത്തിയില്ലെങ്കില്‍ എല്ലാവരില്‍ നിന്നുമായി സ്വര്‍ണത്തിന്‍റെ തുക തിരിച്ചുപിടിക്കാനാണ് നീക്കം. പൊലീസിനും കലക്ടര്‍മാര്‍ക്കും പരാതി നല്‍കിയിട്ടും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മനോരമ ന്യൂസിന്‍റെ ഇടപെടല്‍ തുണയായത്.

 

ENGLISH SUMMARY:

Officials will be questioned in the case of eight-and-a-half sovereigns of gold missing from the locker of the Thrissur RDO court. The Deputy Collector conducting the parallel investigation ordered by the Collector will carry out the questioning. The intervention followed the Manorama News report.