ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായ വീടുകൾ പണിത് ലക്ഷങ്ങൾ തട്ടിയെടുത്ത അനർഹരിൽ നിന്ന് പണം തിരികെ ഇടാക്കാൻ ഒരുങ്ങി ഇടുക്കി ഉപ്പുതറ പഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയതോടെ ആണ് തീരുമാനം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടി സ്വീകരിക്കുക.
സ്വന്തമായി ഏക്കർ കണക്കിന് ഭൂമിയും വീടുമുള്ളവരുമടക്കം ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിൽ വീട് സ്വന്തമാക്കിയിരുന്നു. സ്വന്തമാക്കിയ വീടുകൾ ഒരു വർഷം തികയും മുമ്പേ പലരും വിറ്റു. 2015 ലെ എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് വ്യാപക ക്രമക്കേട് നടന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം അംഗവുമായ വി.പി.ജോണും ഉപ്പുതറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.ഷാലുമടക്കം തട്ടിപ്പ് നടത്തിയെന്ന് 2022 ൽ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരുകോടി 14 ലക്ഷം രൂപ തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദേശം നൽകിയെങ്കിലും ഇതുവരെ ഒരു രൂപ പോലും തട്ടിപ്പുകാർ തിരിച്ചടച്ചിട്ടില്ല.
ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെ തട്ടിപ്പ് നടന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും തട്ടിപ്പുകാർക്ക് നോട്ടിസ് നൽകുക മാത്രമാണ് ഉപ്പുതറ പഞ്ചായത്ത് ചെയ്തത്. വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും വിശദീകരണം തേടിയതോടെയാണ് റവന്യൂ റിക്കവറി നടത്താൻ തിരക്കിട്ടുള്ള തീരുമാനം.