സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. പലയിടങ്ങളിലും കനത്തമഴ തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ പെരുമഴ പെയ്യുന്നു. ഇതോടെ വിലങ്ങാട് സെന്‍റ് ജോര്‍ജ് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പുഴ കടന്ന് കുട്ടികള്‍ വരുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് മൊഗ്രാൽ പുഴയിൽ മഴവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. മദൂർ ഉൾപ്പെടെയുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. Read More: ഇന്ന് അവധിയാണ്, വെള്ളത്തിലിറങ്ങരുത്’, വീട്ടിലിരുന്ന് പഠിക്കണമെന്ന് കലക്ടർ
മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. കോട്ടയത്ത് ദുരിതാശ്വാസക്യാംപുളള സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. Also Read: ഗുജറാത്ത് തീരത്തെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായേക്കും
പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും വീണ്ടും തുറന്നു. ആലപ്പുഴയിൽ രാത്രിക്കു ശേഷം കാര്യമായ മഴയില്ലെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിരക്കുന്നു. താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട്' ഉണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. തിരുവനന്തപുരത്ത് രാത്രി മുതല്‍ കനത്ത മഴയില്ല. കണ്ണാന്തുറ,വെട്ടുകാട്, വേളി എന്നിവിടങ്ങളില്‍ കടലേറ്റം രൂക്ഷമാണ്.
കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു. എടക്കോം കണാരംവയലില്‍ ശ്യാമളയുടെ പശുക്കളാണ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടിയതോടെ വൈദ്യുതി പ്രവഹിച്ചുവെന്നാണ് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.