കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെന്ന് കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്നു. ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂൺ 17, ചൊവ്വാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.’– ജില്ലാ കലക്ടർ പറഞ്ഞു. 

ആലപ്പുഴ ജില്ലയ്ക്കും അവധിയാണ്.  ‘കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാൻ ഒന്നും നിൽക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങൾ വായിച്ച് നോക്കണം കേട്ടോ ’ ആലപ്പുഴ കലക്ടര്‍ കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Due to heavy rainfall, the District Collector has declared a holiday for all educational institutions in Kasaragod district. This includes schools, colleges, professional colleges, Kendriya Vidyalayas, tuition centers, madrasas, Anganwadis, and special classes. However, all pre-scheduled examinations (including professional, university, and other departmental exams) will proceed as planned without any change in timings. The Collector also advised students to study at home and cautioned against entering the water.