പാര്‍പ്പിടം മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിലെ ആദിവാസികള്‍ക്ക് അന്യവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലും പാര്‍പ്പിടവുമുണ്ട്. വയറുനിറയെ ഭക്ഷണവും ഒരുതുണ്ടുഭൂമിയും നാലരലക്ഷം വരുന്ന ആദിവാസി ജനവിഭാഗത്തില്‍ എത്രപേര്‍ക്ക് ലഭിക്കുന്നു എന്നത് ഇന്നും ചോദ്യ ചിഹ്നമാണ്. പറഞ്ഞുവരുന്നത് ആദിവാസികള്‍ക്കായുള്ള പാര്‍പ്പിടപദ്ധതികളെ പറ്റിയാണ്, അതൊരുക്കുന്നതിന്‍റെ മറവില്‍ നടക്കുന്ന വലിയ ചൂഷണത്തെ പറ്റിയാണ്.
ലൈഫില്‍ പദ്ധതിയില്‍ വീടുകിട്ടാന്‍ അര്‍ഹതനേടുന്നവര്‍ പഞ്ചായത്ത് പരിധിയിലാണെങ്കില്‍ 6 ലക്ഷവും മുന്‍സിപ്പാലിറ്റിയിലെങ്കില്‍ 4 ലക്ഷവുമാണ് ലഭിക്കുക. നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തന്നെ തുകയെത്തുമെങ്കിലും കേരളത്തിലുടനീളം നടക്കുന്നത് കടുത്ത ചൂഷണമാണ്. പഞ്ചായത്തുകളില്‍ നിന്ന് അനുമതി കിട്ടുന്ന വീടുകള്‍ നിര്‍മിക്കാന്‍ സ്വകാര്യകരാറുകാര്‍ ഒന്നിച്ചു കരാറെടുക്കുകയാണ് പതിവ്. പത്തോ അതിലധികമോ കരാര്‍ ഒറ്റ കരാറുകാരന്‍ സമ്പാദിക്കും. ബന്ധപ്പെട്ട പഞ്ചായത്ത് ഓഫിസുകളില്‍ നിന്ന് വിവരം കിട്ടുന്ന മുറക്ക് കരാറുകാരന്‍ തന്നെ ഊരിലെത്തി കുടുംബങ്ങളോടു സംസാരിച്ചു അനുനയിപ്പിച്ചാണ് ഈ കരാര്‍ നേടുക. പിന്നാലെ ഇവരുടെ പാസ്‌ബുക്ക് അടക്കമുള്ളവ കരാറുകാര്‍ തന്നെ വാങ്ങിവെക്കും. രണ്ടുഘട്ടങ്ങളിലായി അക്കൗണ്ടിലെത്തുന്ന തുക നേരിട്ട് എടുക്കാനാണ് ഇത്.
വീടു നിര്‍മാണം തന്നെ ചതി..!
പണം കയ്യില്‍ കിട്ടിയാല്‍ പിന്നെ ചൂഷണമായി. തോന്നുംവിധമാകും നിര്‍മാണം. ചിലത് പൂര്‍ത്തിയാക്കാതെ പാതിവഴിക്കിട്ട് മുങ്ങും. രണ്ടാംഘട്ട തുക അക്കൗണ്ടിലെത്തിയാല്‍ പിന്നെ നിര്‍മാണത്തില്‍ ഗുരുതരപിഴവു വരുത്തും. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം തകര്‍ന്നു വീണതും, ഒറ്റ മഴയ്‌ക്ക് തന്നെ ചോര്‍ച്ച വന്ന് വാസയോഗ്യമല്ലാതായതും ഒട്ടേറെ വീടുകള്‍.
കണ്ണുതള്ളിക്കുന്ന കണക്ക്
വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിയാണ് വിവരാവകാശഅപേക്ഷ നല്‍കിയത്. കേരളം ലൈഫ് പദ്ധതിക്ക് മുടക്കിയ തുകയും പദ്ധതി നിര്‍വഹണത്തിന്‍റെ വിശദാംശങ്ങളും ചോദിച്ച് നല്‍കിയ അപക്ഷയ്ക്ക് ലഭിച്ച മറുപടി പക്ഷേ അപൂര്‍ണമായിരുന്നു. ലഭ്യമായത് ചിലയിടത്തെ കണക്കുകള്‍ മാത്രം. വയനാട് മാനന്തവാടിയിലെ ലൈഫ് പദ്ധതി നര്‍വഹണം സംബന്ധിച്ച് ലഭിച്ചത് സമഗ്രമായ വിവരങ്ങളാണ്. 10 വര്‍ഷത്തിനിടെ മാനന്തവാടിയില്‍ മാത്രം വാസയോഗ്യമല്ലാതായത് 1555 വീടുകളാണ്. മിക്കതും വാസയോഗ്യമല്ലാതായത് നിര്‍മാണത്തിലെ ഗുരുതര അപാകത മൂലവും. ചെതലയം സ്വദേശി കുഞ്ഞിമുഹമ്മദ് ആണ് വിവരാവകാശഅപേക്ഷ നല്‍കിയത്.
മറ്റിടങ്ങളിലെ കണക്കുകള്‍
വാസയോഗ്യമല്ലാത്ത വീടുകളുടെ ചെറിയ കണക്ക് മാത്രമാണിത്. എല്ലാ ജില്ലകളിലേയും കണക്ക് ലഭ്യമാകുമ്പോള്‍ ചൂഷണത്തിന്‍റെ ഭീകരത കൂടുതല്‍ ബോധ്യപ്പെടും. പാതിവഴിക്ക് നിര്‍മാണം നിര്‍ത്തി മുങ്ങിയ കരാറുകാരുടെ കണക്ക് ഇതിലുള്‍പ്പെട്ടിട്ടില്ല. അത്തരമൊരു കണക്ക് പട്ടിക വര്‍ഗ വകുപ്പ് ശേഖരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയും നല്‍കിയിട്ടില്ല.
ചൂഷണത്തിനു തുണ പരിശോധനക്കുറവ്
വീടുകള്‍ എന്ത് കൊണ്ട് പെട്ടെന്ന് വാസയോഗ്യമല്ലാതാകുന്നു, കരാറുകാര്‍ നിര്‍മാണം ഏറ്റെടുത്ത വീടുകളുടെ സ്ഥിതി എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ പട്ടികവര്‍ഗവകുപ്പിന്‍റെയോ മറ്റു വകുപ്പുകളുടേയോ പരിശോധനയില്ലാത്തതാണ് ഈ തട്ടിപ്പ് തുടരാന്‍ കാരണം. ആദിവാസി കുടുംബങ്ങളെ കബളിപ്പിച്ച് മുങ്ങുന്ന കരാറുകാര്‍ക്കെതിരെ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ലെന്നതും ചൂഷണം വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ബത്തേരി നഗരസഭയടക്കം ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇതിനോടകം പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പട്ടികവര്‍ഗ വികസനവകുപ്പ് മുഖേനയുള്ള ജനറല്‍ഹൗസ് സ്കീം, എ.ടി.എസ്.പിയും ഇ.എ.വൈ പദ്ധതിയിലുമെല്ലാം നിര്‍മാണത്തില്‍ നിരീക്ഷണം വേണമെന്ന വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം
ഒട്ടേറെപ്പര്‍ ഇരകള്‍
തലചായ്‌ക്കാന്‍ ഒരു കൂര സ്വപ്നം കണ്ടിരുന്ന ഒട്ടേറെ കുടുംബങ്ങളാണ് സംസ്ഥാനത്ത് ചൂഷണത്തിനിരയായത്. വയനാട് ബത്തേരി നമ്പ്യാര്‍കുന്നിലെ ശൈലയുടെ കുടില്‍ തന്നെ ഉദാഹരണവുമാണ്. എട്ടുവര്‍ഷം മുമ്പ് ഇവരുടെ വീടുനിര്‍മാണത്തിനായി 4 ലക്ഷം രൂപ കൈപറ്റിയ കരാറുകാരന്‍ പണി പാതിവഴിക്കിട്ട് കടന്നുകളഞ്ഞു. അധികൃതരോട് പലതവണദുരിതം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. അതോടെ വര്‍ഷങ്ങളായി ഈ ടാര്‍പ്പായ ഷീറ്റ് കൊണ്ട് നിര്‍മിച്ച ഷെഡിലാണ് ചെറിയ കുഞ്ഞടക്കം അഞ്ചുപേര്‍ ജീവിക്കുന്നത്. വയനാട്ടില്‍ പലയിടങ്ങളിലായി ഇങ്ങനെ ദയനീയ കാഴ്‌ചകള്‍ കാണാം. കൃത്യമായ പരിശോധനയും നടപടിയും സ്വീകരിച്ച് മുന്നോട്ടുപോയാല്‍ ഒരുവിധമെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് വിചാരിക്കാം...