രണ്ടാം അലോട്ട്മെന്‍റ് കഴിഞ്ഞപ്പോഴും കണ്ണൂരില്‍ ആയിരക്കണക്കിന് കുട്ടികള്‍ പ്ലസ് വണിന് പ്രവേശനം കിട്ടാതെ പുറത്ത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ പോലും ഇഷ്ടവിഷയത്തിന് പ്രവേശനം കിട്ടാതെ പ്രതിസന്ധിയിലാണ്. പണം കൊടുത്താല്‍ മാത്രം കിട്ടുന്ന മാനേജ്മെന്‍റ്, അണ്‍ എയഡഡ് സീറ്റുകളാണ് ഇനി കുട്ടികള്‍ക്ക് മുമ്പിലുള്ളത്.
മലപ്പുറത്തും കോഴിക്കോട്ടും മാത്രമല്ല, കണ്ണൂരിലും കിട്ടാക്കനിയാണ് പ്ലസ് വണ്‍ സീറ്റ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 28780 സീറ്റുകളാണുള്ളതെങ്കില്‍ എസ്എസ്എല്‍സി പാസായവര്‍ 37,988 പേര്‍. രണ്ട് അലോട്ട്മെന്‍റുകളിലായി 20372 കുട്ടികള നിലവില്‍ പ്രവേശനം നേടിയിട്ടുള്ളൂ. എന്നുവച്ചാല്‍, ബാക്കിയുള്ള പതിനേഴായിരത്തിലധികം പേരും പ്രതീക്ഷിച്ചയിടങ്ങളില്‍ ഇഷ്ടവിഷയത്തിനായി അവസരം കാത്തിരിക്കുന്നുവെന്ന് അര്‍ഥം. പക്ഷേ, കിട്ടുമോയെന്ന് ഒരുറപ്പുമില്ല.
എ പ്ലസ് വാങ്ങിയപ്പോഴുള്ള വിജയത്തിളക്കം അലോട്ട്മെന്‍റിലേക്കെത്തിയപ്പോള്‍ പലകുട്ടികളുടെയും മുഖത്തുനിന്നും മാഞ്ഞു. ഇപ്പോള്‍ എവിടെ സീറ്റുകിട്ടുമെന്ന ആവലാതിയും അങ്കലാപ്പും മാത്രം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഉണ്ടായിട്ടും ഒരിടത്തും സീറ്റുകിട്ടാത്തവരുമുണ്ട്. രാവന്തിയോളം ഇരുന്നുപഠിച്ച് മികച്ചവിജയം നേടിയിട്ടും ആഗ്രഹിച്ച സീറ്റ് കിട്ടാതാകുമ്പോള്‍ മക്കള്‍ക്ക് മാത്രമല്ല അവരുടെ മക്കളുടെ ഭാവിയോര്‍ത്ത് രക്ഷിതാക്കള്‍ക്കും ഉള്ളുപൊള്ളും.
അണ്‍ എയ്ഡഡ്, മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി വിഭാഗങ്ങളിലായി കണ്ണൂരിലുള്ളത് 6577 സീറ്റുകളാണ്. ഇതിന് ചോദിക്കുന്ന പണം കൊടുക്കേണ്ടിവരും. സാധാരണക്കാരായ പലരും നോട്ടുകെട്ടുകളില്ലാത്തതിന്‍റെ പേരില്‍ നെട്ടോട്ടമോടേണ്ടിവരുമെന്ന് ഉറപ്പ്.