മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ പക്ഷപാതം കാട്ടിയെന്ന് നടൻ കൃഷ്ണകുമാർ. മകളും നടിയുമായ അഹാന ജീവനക്കാരെ മോശമായ രീതിയിൽ ചോദ്യം ചെയ്തത് പണം പോയതിന്റെ വിഷമത്തിലെന്നും കൃഷ്ണകുമാർ ന്യായീകരിച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ പൊലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും.
തന്റെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ 69 ലക്ഷം അപഹരിച്ചെന്ന ദിയ കൃഷ്ണയുടെ പരാതി, മാനഭംഗപ്പെടുത്തും എന്നടക്കം നടൻ കൃഷ്ണകുമാർ ഭീഷണിപ്പെടുത്തിയെന്ന ജീവനക്കാരുടെ പരാതി ഇതു രണ്ടുമാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ പണാപഹരണ പരാതിയിൽ പൊലീസ് പക്ഷപാതിത്വം കാണിച്ചെന്നാണ് കൃഷ്ണകുമാറിന്റെ ആക്ഷേപം. മ്യൂസിയം എസ് എച്ച് ഒയെയാണ് കൃഷ്ണകുമാർ ഉന്നമിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിപ്പെട്ടപ്പോൾ ഉടൻ നടപടിയുണ്ടായെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ജീവനക്കാർ പണമെടുത്തെന്ന് സമ്മതിക്കുന്ന സിന്ധു കൃഷ്ണ പുറത്തു വിട്ട വീഡിയോയിലെ നടി അഹാനയുടെ ചോദ്യരീതി വ്യാപക വിമർശനത്തിനിടയാക്കി. ഇതിനെ പണം പോയ വിഷമത്താലുള്ള ചോദ്യങ്ങളെന്ന് കൃഷ്ണ കുമാർ ന്യായീകരിച്ചു. ജീവനക്കാർ ആരോപിക്കുന്നതു പോലെ അവരുടെ അക്കൗണ്ടിൽ പണം വാങ്ങാൻ പറഞ്ഞിട്ടില്ല. എന്നാൽ ജീവനക്കാരുടെ ഫോൺ വാങ്ങി പരിശോധിച്ചെന്ന് കൃഷ്ണ കുമാർ സമ്മതിച്ചു. തട്ടിയെടുത്ത മുഴുവൻ തുകയും തിരിച്ചു കിട്ടാൻ സമയമെടുക്കുമെന്നും അതിനാൽ കിട്ടുന്നതാകട്ടെ എന്നു കരുതിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജീവനക്കാർ പണമായോ ചെക്കായോ മടക്കി നല്‍കിയ 23 ലക്ഷം ഒഴികെ 46 ലക്ഷം രൂപ പോട്ടേന്ന് വച്ചുവെന്നുള്ള കൃഷ്ണ കുമാറിന്റെ മറുപടി വിശദീകരണത്തിലെ കല്ലുകടിയായി. മുന്‍പും ജീവനക്കാർ ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും എന്നിട്ടും മകൾ ദിയയുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി എന്നും കൃഷ്ണകുമാർ പറഞ്ഞു. പണം അപഹരിച്ചിട്ടില്ലെന്നും ടാക്സ് വെട്ടിക്കാൻ തങ്ങളെ കരുവാക്കിയെന്നും വീഡിയോ എഡിറ്റഡ് ആണെന്നുമുള്ള വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ജീവനക്കാർ. ഇരു കൂട്ടരും തമ്മിൽ സാമ്പത്തിക ഇടപാട് സ്ഥിരീകരിച്ച പൊലീസ് സത്യം തെളിയിക്കാൻ മൂന്ന് ജീവനക്കാരുടെയും ദിയ കൃഷ്ണയുടെയുംബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടിയിരിക്കുകയാണ്.