ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി ഹൈക്കോടതിയില്‍. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ആരോപണവിധേയർ തമ്മിൽ വലിയ ഗൂഢാലോചനയും സംഘടിത കുറ്റകൃത്യവും നടന്നു. ബെംഗളൂരുവില്‍ മൂന്ന് പ്രതികള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. 2019ല്‍ ദേവസ്വം ബോര്‍ഡിനുണ്ടായത് വീഴ്ചകളുടെ പരമ്പരയെന്നും എസ്.ഐ.ടി. ഹൈക്കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവർ കൂടിക്കാഴ്ച നടത്തിയത്. 2019ൽ നടത്തിയ സ്വർണക്കൊള്ള പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയ്ക്കായാണ് ഇവർ ഒത്തുചേർന്നത്. സ്വർണം തട്ടിയെടുക്കാൻ വിശാല ഗൂഢാലോചന നടന്നു. ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. 1995 മുതൽ ശബരിമലയിൽ വന്നിരുന്ന ഗോവർധന് ശ്രീകോവിൽ യുബി ഗ്രൂപ്പ് 1998ൽ സ്വർണപ്പാളികൾ പൊതിഞ്ഞ വിവരം അറിയാമായിരുന്നു.
താന്‍ വാങ്ങിയ സ്വർണത്തിന് 14.97 ലക്ഷം രൂപ നൽകിയെന്നാണ് ഗോവർധൻ പറയുന്നത്. അതിനർഥം അയാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ്. ശബരിമല അയ്യപ്പന്റെ സ്വര്‍ണമാണ് നഷടപ്പെട്ടത്. അതിന്റെ സൂക്ഷിപ്പുകാരൻ ദേവസ്വം ബോർഡാണ്. സ്വർണം വാങ്ങാനോ ബോർഡിന് പണം നൽകാനോ ഗോവർധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പണം നൽകി കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാൻ ആകില്ലെന്നും എസ്ഐടി വ്യക്തമാക്കി.
ഗോവർധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് എസ്ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാട്ടില്ല. എത്രത്തോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ നേരിട്ടുപങ്കുള്ള ഗോവർധന് അതിനാൽ ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു.