രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യം. തീരുമാനമെടുക്കുംമുന്‍പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ആദ്യ കേസിലെ മുന്‍കൂര്‍ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരാതികാരി കോടതിയിലെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെതിരെയും അതിജീവിത പരാതി നല്‍കിയിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, വീണ്ടും സൈബർ ആക്രമണത്തിന് സാഹചര്യം ഒരുക്കി തന്നെ അവഹേളിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ അപമാനിക്കാനോ അവഹേളിക്കാനോ പാടില്ലെന്നും സൈബർ ആക്രമണത്തിന് വഴിമരുന്നിടരുത് എന്നുമുള്ള കർശനമായ ജാമ്യവ്യവസ്ഥ നിലനിൽക്കെയാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്ന് ലംഘനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
അതിജീവിത നൽകിയ പരാതി ഐ.ജി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിച്ചതിനുശേഷവും രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോകൾ യുവതിയെ അവഹേളിക്കുന്നതാണെന്നും ഇത് തന്നെ മാനസികമായി തളർത്തുന്ന സൈബർ ആക്രമണങ്ങൾക്ക് വീണ്ടും കാരണമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.