തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച  അധ്യാപികയ്ക്കെതിരെ പോക്സോ കേസെടുത്തു. രാജാ രവിവർമ ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപിക സി.ആർ. ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. സഹ അധ്യാപകനോടുള്ള വിരോധം തീർക്കാൻ  ഇയാൾ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജ കഥ പ്രചരിപ്പിക്കുകയായിരുന്നു. 

മകളെ പോലെ കരുതേണ്ട കുട്ടിയേക്കുറിച്ചാണ് സി.ആർ. ചന്ദ്രലേഖ എന്ന അധ്യാപിക അപവാദ കഥ മെനഞ്ഞത്. പെൺകുട്ടി അപസ്മാര ബാധ മൂർച്ഛിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത അധ്യാപിക പ്രചരിപ്പിച്ചത്. സ്കൂളിലെ അധ്യാപകർ തമ്മിലുള്ള കുടിപ്പകയുടെ ഇരയാവുകയായിരുന്നു വിദ്യാർഥിനി.

 സ്കൂൾ മാനേജ്മെന്‍റിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചന്ദ്രലേഖയും സഹ അധ്യാപകനും ഇരു ചേരികളിലായിരുന്നു. ഇയാൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഓൺലൈൻ മാധ്യമം വഴിയും അധ്യാപിക പ്രചരിപ്പിച്ചു. സ്കൂളിലെത്തിയപ്പോൾ അപമാനഭാരത്താൽ പെൺകുട്ടിക്ക് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. 

വിദ്യാഭ്യാസ മന്ത്രിക്ക് പി.ടി.എ. നല്കിയ പരാതിയെത്തുടർന്ന് ചന്ദ്രലേഖയെ   സസ്പെൻഡ് ചെയ്തു. പിന്നാലെയാണ് കിളിമാനൂർ പൊലീസ് ചന്ദ്രലേഖയ്ക്കെതിരെ  പോക്സോ കേസെടുത്തത്. വിദ്യാർഥിനിയുടെ പരാതിയും സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.

ENGLISH SUMMARY:

A Hindi teacher in Kilimanoor, Thiruvananthapuram, has been booked under POCSO for allegedly fabricating and spreading false rumors of sexual abuse and pregnancy against a Plus One student. The teacher, C.R. Chandralekha, reportedly concocted the story to target a fellow teacher amidst an internal school management dispute. The victim, who was on leave due to illness, faced severe humiliation upon returning to school, forcing her to discontinue studies. Following a PTA complaint, the teacher was suspended, and subsequently, police filed a POCSO case. The Education Department is also investigating the matter.