ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ എക്സിക്യുട്ടിവ് ഓഫിസറാകാന്‍ മുന്‍ ഐഎഎസ് ഓഫിസര്‍ ബിജു പ്രഭാകര്‍. ക്ഷേത്രം ഭരണസമിതി മുന്‍അംഗം കൂടിയാണ്  അദ്ദേഹം. 2014 എപ്രിലില്‍  സുപ്രിംകോടതി  നിയോഗിച്ച മൂന്നംഗസമിതിയിലാണ് രണ്ടര വര്‍ഷം അദ്ദേഹം ഉള്‍പ്പെട്ടിരുന്നത്. ഇതുകൂടാതെ 2021 ഓഗസ്റ്റ് മുതല്‍ 2025 ഏപ്രില്‍ വരെ ഗുരുവായൂര്‍, കൂടല്‍മാണിക്യം ക്ഷേത്രങ്ങളുടെ ചുമതലയുള്ള ദേവസ്വം കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ക്ഷേത്രഭരണത്തിലെ വിപുലമായ അനുഭവസമ്പത്തിന്‍റെ ബലത്തിലാണ് മുപ്പത്തിയൊന്നുവര്‍ഷമായി നിത്യ ദര്‍ശത്തിന് എത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പ്രധാന ചുമതലക്കാരില്‍ ഒരാളാകാന്‍ അദ്ദേഹം രംഗത്തുവന്നത്. എക്സിക്യുട്ടിവ് ഓഫിസറായിരുന്ന ബി.മഹേഷ് മാര്‍ച്ച് 16 ന് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞു. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഇന്നലെയായിരുന്നു. ബിജു പ്രഭാകറിന് പുറമെ  മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മുപത്തെട്ടുപേര്‍ രംഗത്തുണ്ട്. 

സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ ഭരണസമിതിയാണ് പുതിയ എക്സിക്യുട്ടിവ് ഓഫിസറെ തിരഞ്ഞെടുക്കുക.  മൂലം തിരുനാള്‍ രാമവര്‍മയാണ് ക്ഷേത്ര ട്രസ്റ്റിയും സ്ഥാനിയും. ജില്ലാ ജഡ്ജിയാണ് ഭരണസമിതി അധ്യക്ഷന്‍. ക്ഷേത്രം മുഖ്യതന്ത്രി, ക്ഷേത്രട്രസ്റ്റി നാമനിര്‍ദ്ദേശം ചെയ്ത ആദിത്യ വര്‍മ, കേന്ദ്ര സാസ്കാരിക വകുപ്പിന്‍റെ പ്രതിനിധി കരമന ജയന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ.വേലപ്പന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍. എക്സിക്യുട്ടിവ് ഓഫിസര്‍ നിയനമന പ്രക്രിയ ഉടന്‍ ആരംഭിക്കും. 

ഗതാഗത വകുപ്പ് സെക്രട്ടറിയായി വിരമിച്ച ബിജു പ്രഭാകര്‍ പൊതുമരാമത്ത് സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, തിരുവനന്തപുരം ജില്ല കലക്ടര്‍ തുടങ്ങി വിവിധ സര്‍ക്കാരുകളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭരണരംഗത്തെ അഴിമതികളെക്കുറിച്ച് അദ്ദേഹം തുറന്നെഴുതിയ നാം നമ്മെ കൊള്ളയടിക്കുമ്പോള്‍ എന്ന പുസ്തകം ഏറെ ശ്രദ്ധനേടി. വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരില്‍ പ്രധാന ചുമതലകളിലൊന്നില്‍ അദ്ദേഹം വരുമെന്ന സൂചനകള്‍ക്കിടെയാണ്, അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ എക്സിക്യുട്ടിവ് ഓഫിസറാകാന്‍ താല്‍പര്യപ്പെടുന്നത്.

ENGLISH SUMMARY:

Former IAS officer Biju Prabhakar is a leading contender to become the new Executive Officer of the Sree Padmanabhaswamy Temple, bringing extensive experience in temple administration and government roles. His appointment is being considered by the temple's governing body, which includes a district judge and representatives from various bodies.