പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നുകാട്ടി റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്കു പരാതി. പാലക്കാട്നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. മോദി കപട ദേശീയവാദിയെന്ന വേടന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസ്’ എന്ന വേടന്റെ ആദ്യ പാട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും എൻഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്.
ജാതി അടിസ്ഥാനത്തിലുളള സമൂഹഭിന്നതയാണ് വേടന്റെ പാട്ടിലൂടെ നടത്തുന്നതെന്നും വ്യക്തിപരമായ പശ്ചാത്തലം ഉള്‍പ്പടെ അന്വേഷണപരിധിയില്‍ വരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല. എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി പരാതിയില്‍ പറയുന്നു.
വേടനെതിരെ ദിവസങ്ങള്‍ക്കുമുന്‍പ് ഹിന്ദു ഐക്യവേദി മുഖരക്ഷാധികാരി കെ. പി ശശികല രംഗത്തെത്തിയിരുന്നു. അതേസമയം
താൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവനയെന്നും താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വേടന്‍ മറുപടി നല്‍കി. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്നും തനിക്ക് പിന്നിൽ ഒരു ശക്തികളുമില്ലെന്നും വേടൻ പറഞ്ഞു.
വേടനെതിരെ അസഭ്യപ്രയോഗവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗവുമായി പുലബന്ധമില്ല. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്‍പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും, അവര്‍ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും ശശികല പറഞ്ഞു. പാലക്കാട് ഹിന്ദു ഐക്യ വേദി ധർണക്കിടെയായിരുന്നു അധിക്ഷേപം.