ഏഴ് ജില്ലകളില്‍ ഇന്ന് വിധിയെഴുത്ത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ എഴ് മുതല്‍ വൈകിട്ട് ആറുവരെ വോട്ടുചെയ്യാം. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് കോര്‍പറേഷന്‍, 47 മുനിസിപ്പാലിറ്റി, 77 ബ്ലോക് പഞ്ചായത്ത്, 470 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 12,391 വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പ്.
ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലേയും വിധിയെഴുത്ത് പൂര്‍ണമാകും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. വോട്ടിങ്ങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേര് തെളിയാതിരുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ബൂത്തിൽ ഇന്ന് റീ പോളിങ്. മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ബൂത്തിലാണ് റീപോളിങ് നടക്കുക.രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് സമയം . ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ റീപോളിങ്ങിനായി നിയമിച്ചിട്ടുണ്ട്.
റീ പോൾ നടക്കുന്ന പോളിങ്ങ് സ്റ്റേഷനിൽ വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മഷി അടയാളം രേഖപ്പെടുത്തും. ആര്യാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ BSP സ്ഥാനാർഥിയുടെ പേരും ചിഹ്നവുമാണ് വോട്ടിങ്ങ് യന്ത്രത്തിൽ തെളിയാതിരുന്നത്.