പൂരനഗരം കാത്തിരിക്കുന്നത് പല വർണങ്ങളിൽ ആകാശത്തിൽ ചിത്രം വരയ്ക്കാനാണ്. അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോൾ ജനത്തിന് പറയാൻ ഒന്നേയുള്ളു. ഇത്തവണയും തങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന് ഈ വെടിക്കെട്ടിനായാണ്. ഇവിടെ പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ടിന് കോപ്പുകൂട്ടുകയാണ്. എങ്ങനെയായിരിക്കും തിരുവമ്പാടി ദേവസ്വത്തിന്‍റെ ഒരുക്കങ്ങൾ. നേരെ പടക്കനിർമാണശാലയിലേയ്ക്കു തന്നെ പോകാം.
താളത്തിലുയരുന്ന ശബ്ദ വ്യതിയാനങ്ങളിലൂടെ പൂരത്തിൽ നിറസാന്നിധ്യമായ ഓലപ്പടക്കവും, കണ്ണിൽ വർണത്തിൻറെ മായാജാലം തീർക്കാൻ അമിട്ടുമുണ്ട്. സ്വർഗത്തിലേയ്ക്കെന്ന പോലെ കണ്ണു നട്ടു നിൽക്കുന്ന പൂരാസ്വാദകർക്ക് വേറിട്ട ആവേശം ആകാൻ ഗുണ്ടും, കുഴിമിന്നലും തയ്യാറാകുന്നു. എല്ലാ വർഷത്തെയും പോലെ ഇക്കൊല്ലവും പൂരപ്രേമികൾക്കും ആസ്വാദകർക്കും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.
ഇരുപതിലേറെ പേരാണ് ഇവിടെ എണ്ണയിട്ട യന്ത്രം പോലെ പണിയുന്നത്. എല്ലാവരുടെയും ഉള്ളിൽ പൂരം എന്ന ചിന്ത മാത്രം. 48 കൊല്ലം പടക്ക നിർമാണത്തിൽ കേമനായ വിൽസൺ ചേട്ടനാണ് ഇവിടെ എല്ലാത്തിനും ആളായി നിൽക്കുന്നത്, . എന്നുവച്ചാൽ ഓൾ-ഇൻ-ഓൾ. ഇക്കൊല്ലത്തെ വെടിക്കെട്ടിന് കുറെ മാസത്തെ അധ്വാനത്തിൻറെ കഥ പറയാനുണ്ട്. സാംപിൾ വെടിക്കെട്ടിന് ഇനി അധികം ദിവസങ്ങൾ ഇല്ല.