കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവനടത്തിപ്പില്‍ വീഴ്ചയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. മതിയായ അകലം പാലിച്ചിരുന്നു. എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടെന്നും കമ്മിറ്റിയംഗം മനോരമ ന്യൂസിനോട് വിശദീകരിച്ചു.
Read Also: പടക്കം പൊട്ടുന്ന ശബ്ദം, പരസ്പരം കുത്തി ആനകള്‍, കെട്ടിടം തകർന്ന് ദേഹത്ത്; ദാരുണാന്ത്യം
അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ. രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ. കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയതിന് ശേഷം പ്രതികരിച്ചു.
മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും. ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കലക്ടറും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരുവരോടും മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അതേസമയം മരിച്ചവർക്ക് ആദരസൂചകമായി സർവകക്ഷിയോഗം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ആണ് ഹർത്താൽ
കതിന പൊട്ടിയത് മൂലമാണ് ആനകള്‍ ഇടഞ്ഞതെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക നിഗമനവും ഇതാണെന്നും മന്ത്രി വ്യക്തമാക്കി.