elephant-attack-temple

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഒരു ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.

കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എട്ടുപേരുടെ നില ഗുരുതരമാണ്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.

ആനകൾ കുത്തുന്നതിനിടെ സ്ത്രീകൾ താഴെ വീണുകിടക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. താഴെ സ്ത്രീകൾ വീണുകിടക്കുന്നുണ്ടെന്ന് വിളിച്ചുപറയുന്നതും കേൾക്കാം. അതിനാൽ ആനയുടെ ചവിട്ടേറ്റും മരണം സംഭവിച്ചിരിക്കാം എന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

ക്ഷേത്രത്തിലേക്കുള്ള വരവ് വരുന്നതിന് മുമ്പാണ് ആന ഇടഞ്ഞത്. വരവ് എത്തിയാൽ കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് എത്തുകയും വലിയ ദുരന്തത്തിന് വഴിവയ്ക്കുകയും ചെയ്തേനെയെന്നും നാട്ടുകാർ പറഞ്ഞു. പരിഭ്രമിച്ച ആനകൾ ക്ഷേത്രപരിസരത്തുനിന്നും തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ താഴെവീണു. പിന്നാലെ എത്തിയ ആനയുടെ കാലിനടിയിൽപ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാൽ ഉടൻ തന്നെ ആനകളെ തളയ്ക്കാൻ സാധിച്ചു.

കൊയിലാണ്ടിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മണക്കുളങ്ങര ക്ഷേത്രോത്സവം. മറ്റു നാടുകളിൽ നിന്നുപോലും ധാരാളം ആളുകൾ ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വരവ് വരുന്നതോടെയാണ് കൂടുതൽ ആളുകൾ എത്തുന്നത്. അതിനു മുന്നെ ആന ഇടഞ്ഞു. പടക്കം പൊട്ടുന്ന ശബ്ദം കേട്ട ആന മറ്റൊരാനയെ കുത്തുകയും തുടർന്ന് രണ്ടാനകളും ഓടിപ്പോകുകയുമായിരുന്നു.

ENGLISH SUMMARY:

Three people were killed and several others injured after an elephant went on a rampage during the festival at Manakkulangara Temple in Kuruvangad, Koyilandy. The incident occurred around 6 PM on Thursday when fireworks were set off near the temple. The startled elephant attacked another nearby elephant, causing panic among the crowd. In the ensuing chaos and stampede, Leela, Ammukutty Amma, and Rajan lost their lives. Around 30 people were injured, with eight in critical condition. The injured have been taken to Kozhikode Medical College and nearby hospitals for treatment.