കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22കാരി ശ്രീനന്ദയാണ് മരിച്ചത്. നെറ്റിയിലും താടിയിലും മുറിവുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. കോളജില്‍ നിന്നും തിരിച്ചുവരുന്നത് പ്രദേശവാസികളെല്ലാം കണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകാനായി മാതാപിതാക്കള്‍ വിളിച്ചെങ്കിലും ശ്രീനന്ദ തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ഉത്സവത്തിനു പോയി തിരിച്ചുവരുന്നതുവരെ ശ്രീനന്ദ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.
അച്ഛന്‍ വന്ന് പലതവണ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല. ഉടന്‍ തന്നെ ജനലിലൂടെ നോക്കിയപ്പോഴാണ് ശ്രീനന്ദയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ച് സിപിആര്‍ നല്‍കി. പിന്നാലെ മെഡി കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജിലെത്തി 10മിനിറ്റിനകം തന്നെ ശ്രീനന്ദ മരിച്ചു.
നെറ്റിയിലേയും താടിയിലേയും മുറിവ് മരണസമയത്ത് സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. കുരുക്കിടുന്നതിനിടയില്‍ ഫാനിന്റെ ലീഫില്‍ തട്ടിയാകാം മുറിഞ്ഞതെന്ന് ഫോറന്‍സിക് സംഘവും വിലയിരുത്തുന്നു. മകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.