veena-george-discarge

കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് വെള്ളിയാഴ്ച ആശുപത്രി വിടും. മന്ത്രി ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനാലും രക്തസമ്മര്‍ദം സാധാരണനിലയതും കണക്കിലെടുത്ത് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്് യോഗത്തിലാണ് തീരുമാനം. മന്ത്രിയെ തിരുവനന്തപുരത്തേയ്ക്ക് മാറ്റാനാണ് സാധ്യത. 

മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ലെന്നും നേരത്തെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. നിരന്തര നിരീക്ഷണം വേണ്ടതിനാല്‍ ഐസിയുവില്‍ തുടരട്ടെ എന്നായിരുന്നു തീരുമാനം. അതിനാല്‍ പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും മാറ്റിയാല്‍ തിരുവനന്തപുരത്തും നിരീക്ഷണം തുടരും. 

കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളജിലേക്ക് മന്ത്രി വീണാ ജോർജിനെ മാറ്റിയത്. ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് മന്ത്രി. 

അതേസമയം, മന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ അഞ്ച്  കെഎസ്‌യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ , പ്രവർത്തകരായ അക്ഷയ്, മുബാസ് ,യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. മാരകായുധം ഉപയോഗിച്ച് മന്ത്രിയെ കൊല്ലുമെന്ന് ആക്രോശിച്ച് പ്രതികൾ ആക്രമിച്ചു എന്നാണ് പോലീസ് കേസ്. 

ENGLISH SUMMARY:

Health Minister Veena George is expected to be discharged from the hospital on Friday following an improvement in her health. A medical board meeting confirmed her discharge, citing stable blood pressure and a recommendation for continued monitoring, potentially in Thiruvananthapuram.