കഴുത്തിന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങി. നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓൺലൈനായി മെഡിക്കൽ ബോർഡ് യോഗം ചേരുകയായിരുന്നു. നില കൂടുതൽ മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിലേക്ക് എത്തുന്നുണ്ട് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
ഇനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിരീക്ഷണം തുടരും. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.