വീട്ടിലും, ഓഫീസിലും എന്തിന് പോകും വഴിയൊക്കെ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാരുടെ നിരീക്ഷണത്തിലാണ് എറണാകുളം തേവയ്ക്കല്‍ സ്വദേശിനിയായ യുവതി. തട്ടിപ്പുകാരുടെ ഏജന്റ് ആയി അന്വേഷിച്ച് വീട്ടിലെത്തിയതാകട്ടെ മലയാളികളും. വീടും ഓഫീസും ഞങ്ങള്‍ കണ്ടുപിടിച്ചുകഴിഞ്ഞു എന്ന് തട്ടിപ്പുകാരുടെ ഭിഷണിയെത്തിയതോടെ തട്ടിപ്പുകാര്‍ തന്നെ അപായപ്പെടുത്തുമോ എന്ന പേടിയില്‍ ജീവിക്കുകയാണ് ഈ യുവതി.
5000രൂപ വായ്പയെടുത്തിട്ട് രണ്ടുലക്ഷത്തിലധികം രൂപ അടച്ചുകഴിഞ്ഞു. ഒന്നില്‍ നിന്നു രക്ഷപെടാന്‍ മറ്റൊരു ആപിനെ ആശ്രയിച്ചതാണ്. അതിപ്പോള്‍ ഇരട്ടി പ്രഹരമായി. സ്വകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ചെറിയ തുകയാണ് ആകെ ജീവിതമാര്‍ഗം. ഒറ്റയ്ക്കുതാമസിക്കുന്ന യുവതിയ്ക്ക് നേരെ ഒളിഞ്ഞിരുന്നല്ല നേരിട്ടെത്തിയാണ് തട്ടിപ്പുകാര്‍ ഭീഷണി മുഴക്കുന്നത്.