File photo
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ കെണിയില്‍ കുടുങ്ങിയ അധ്യാപകന്‍ ഭീഷണി സഹിക്കവയ്യാതെ ജീവനൊടുക്കി. അലിബാഗ് സ്വദേശിയായ 50കാരനാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആത്മഹത്യ ചെയ്തത്. കടുത്ത അപമാനമാണ് ലോണ്‍ ആപ്പില്‍ നിന്നും തനിക്ക് നേരിട്ടതെന്ന് അധ്യാപകന്‍ അടുത്ത സുഹൃത്തിനോട് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
പന്ത്രണ്ടായിരം രൂപയാണ് അധ്യാപകന്‍ ലോണ്‍ ആപ്പില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ഇത് അടയ്ക്കാതെ വന്നതോടെ ഏജന്‍റുമാര്‍ വല്ലാതെ ശല്യപ്പെടുത്തി. അധ്യാപകന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫോണിന്‍റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് വാട്സാപ്പ് വഴി അയച്ചു നല്‍കിയെന്നും ഇത് അധ്യാപകനെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും പൊലീസ് പറയുന്നു.
നാട്ടുകാരനില്‍ നിന്നും വാങ്ങിയ കടം വീട്ടുന്നതിനായാണ് ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പില്‍ നിന്നും അധ്യാപകന്‍ വായ്പയെടുത്തത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അടവ് മുടങ്ങിയതോടെ കമ്പനിയില്‍ നിന്നും ഭീഷണി ഫോണ്‍വിളികള്‍ ആദ്യമെത്തി. പണം മുഴുവനായും അടച്ച് തീര്‍ത്തില്ലെങ്കില്‍ അപമാനിക്കും എന്നായിരുന്നു ഭീഷണി. തുടര്‍ന്ന് അധ്യാപകന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പക്ഷേ ഇതിനകം അധ്യാപകന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്കൂളിലും നാട്ടിലും ലോണ്‍ ആപ്പുകാര്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ അടല്‍ സേതുവിലെത്തിയ അധ്യാപകന്‍ കാര്‍ പാലത്തോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷം ചാടുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യം പതിഞ്ഞതോടെ പൊലീസ് വേഗത്തില്‍ സ്ഥലത്തെത്തി. പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ സഹായത്തോടെ 12 കിലോ മീറ്റര്‍ അകലെ നിന്ന് ഒടുവില്‍ മൃതദേഹം കണ്ടെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.