Image credit:X
ആഘോഷമായി വിവാഹം നടക്കേണ്ട വീട് നിമിഷങ്ങള്‍ കൊണ്ട് മരണവീടായി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. ശോഭ (25) വിമല(23) എന്നീ സഹോദരിമാരാണ് വിഷം കഴിച്ച് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി, തലേ ദിവസത്തെ ചടങ്ങുകളും പൂര്‍ത്തിയായതിന് പിന്നാലെയാണ് ദാരുണ സംഭവം. രാത്രി നേരം വൈകിയെന്നും ഉറങ്ങണമെന്നും പറഞ്ഞ് ഇരുവരും മുറിയിലേക്ക് പോയി. പിന്നാലെ വിഷം കഴിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിലെ അധ്യാപികമാരായിരുന്നു ഇരുവരും.
പുലര്‍ച്ചെ ഒരുങ്ങാനുള്ള സമയം ആയിട്ടും ഇരുവരെയും കാണാതായതോടെ നാലുമണിക്ക് ബന്ധുക്കള്‍ ഇവര്‍ കിടന്ന മുറിയിലേക്ക് കടന്നു. കട്ടിലില്‍ ബോധരഹിതരായി കിടക്കുന്ന നിലയിലാണ് ശോഭയെയും വിമലയെയും കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കുടുംബാംഗങ്ങള്‍ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുവന്നു.
വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത്. ഇതിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. അതേസമയം ഇവര്‍ എന്ത് വിഷമാണ് കഴിച്ചതെന്നോ ഏതളവിലാണ് കഴിച്ചതെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. അച്ഛന്‍റെ ബന്ധുക്കളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ശോഭയും വിമലയും ജീവനൊടുക്കിയെന്ന് അമ്മാവന്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പുകളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.