രാജ്യാന്തര ബന്ധങ്ങളുള്ള ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകള്‍ വില്‍പന നടത്തിയ രണ്ട് മലയാളികൾ ഇ.ഡിയുടെ പിടിയിൽ. ഇവര്‍ തരപ്പെടുത്തി നല്‍കിയ 478 അക്കൗണ്ടുകളിലേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തട്ടിയ 711 കോടി രൂപ എത്തിയതായി ഇ.ഡി കണ്ടെത്തി. ഇതില്‍ 115 കോടിരൂപ ഇരുവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേക്ക് കടത്തിയതായും ഇ.ഡി വ്യക്തമാക്കി.
ശതകോടികളുടെ ലോണ്‍ ആപ് തട്ടിപ്പില്‍ തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആൻ്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരെ ഈ മാസം ആദ്യം ഇഡി അറസറ്റ് ചെയ്തിരുന്നു. രാജ്യത്ത് നിന്ന് 1650 കോടിരൂപയാണ് ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ സംഘം തട്ടിയത്. തട്ടിപ്പ് പണം സിംഗപ്പൂരിലേക്ക് കടത്താന്‍ ഇടനിലക്കാരായി നിന്നത് ഐടി വിദഗ്ദരായ ഈ ചെറുപ്പക്കാരാണ്. ഇതേ തട്ടിപ്പ് സംഘത്തിന് അക്കൗണ്ടുകള്‍ വില്‍പന നടത്തിയ ഫോര്‍ട്ട് കൊച്ചി സ്വദേശി നിതിന്‍ വര്‍ഗീസ് കോഴിക്കോട് അയ്യഞ്ചേരി സ്വദേശി സയിദ് മുഹമ്മദ് എന്നിവരെയും ഇഡി രണ്ടാംഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്. സാധാരണക്കാരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളെടുത്ത ശേഷം എടിഎം പിന്‍ അടക്കമുള്ള രേഖകളാണ് ഇരുവരും തട്ടിപ്പ് സംഘത്തിന് കൈമാറിയത്. സയിദ് 289 അക്കൗണ്ടുകളും നിതിന്‍ 190 അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയത്. ഇരകളില്‍ നിന്ന് തട്ടുന്ന പണം ഈ അക്കൗണ്ടുകളിലൂടെ പലഘട്ടങ്ങളായി വിതരണം ചെയ്തു. അക്കൗണ്ടുകള്‍ തരപ്പെടുത്തിയ നല്‍കിയ വകയില്‍ സയിദിന് രണ്ട് കോടിയും നിതിന് 70 ലക്ഷവും കമ്മിഷന്‍ ലഭിച്ചു. ഈ തുക ഉപയോഗിച്ച് ആറ് മാസം മുന്‍പ് മൈസൂരുവില്‍ റിസോര്‍ട്ട് വിലയ്ക്ക് വാങ്ങിയതായും ഇഡി കണ്ടെത്തി. ഇരുവരുടെയും അക്കൗണ്ടുകളിലേക്കെത്തിയ 718 കോടിയിലെ 115 കോടി ഉപയോഗിച്ചാണ് ഇരുവരും ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയത്. ക്രിപ്റ്റോ പ്ലാറ്റ്ഫോമായ വസീര്‍ എക്സ് വഴി രാജ്യത്തിന്പുറത്തുള്ള നാല് ക്രിപ്റ്റോ വാലറ്റിലേക്ക് ഈ പണം നിക്ഷേപിച്ചതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിനായി നിതിനെയും സയിദിനെയും ഇഡി നാല് ദിവസം കസ്റ്റഡിയില്‍ വാങ്ങി.