കൊച്ചിയിൽ സലൂണിൽ കയറി ഇതര സംസ്ഥാനക്കാരായ ജീവനക്കാരെ ആക്രമിച്ചയാളെ സാഹസികമായി പിടികൂടി പൊലീസ്. പനമ്പിള്ളി നഗർ സ്വദേശി സുഭാഷാണ് പിടിയിലായത്. മുടി വെട്ടുന്നതിന് തുക കൂടുതലാണെന്ന് ആരോപിച്ചാണ് ചുറ്റികയുമായെത്തി പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെയും പ്രതിയെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മനോരമ ന്യൂസ് എക്സ്ക്ലൂസീവ്.
രണ്ടാഴ്ച മുൻപ് സുഭാഷ് ഇവിടെയെത്തി നൂറു രൂപ നൽകി മുടിവെട്ടിയിരുന്നു. എന്നാൽ മറ്റൊരു സ്ഥലത്ത് പോയപ്പോൾ 80 രൂപയാണ് വാങ്ങിയത്. 20 രൂപ കൂടുതലാണെന്ന് പറഞ്ഞാണ് ഇയാൾ തെറിവിളിയും അക്രമവും തുടങ്ങിയത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ ജീവനക്കാരൻ നിസാമുദ്ദീന്റെ കൈക്ക് പരുക്കേറ്റു.
മദ്യലഹരിയിൽ ആയിരുന്നു സുഭാഷ്. പിടികൂടിയത് മുതലുള്ള തെറിവിളിയും ഭീഷണിയും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും ഇയാൾ തുടർന്നു. നേരത്തെ പല കേസുകളിലും പ്രതിയായ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സ്ഥിരം അക്രമകാരിയാണ് ഇയാളെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടിലും സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നതിൻ്റെ പേരിൽ പലതവണ പൊലീസിന് ഇടപെടേണ്ടി വന്നിട്ടുണ്ട്