പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പൊലീസിലെ പ്രധാനിയായിരുന്നു തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഡിവൈ.എസ്.പിയായിരുന്ന ഡി.കെ.പൃഥ്വിരാജ്. ആദ്യം പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും പിന്നീട് സീനിയര്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും നേതാവുമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നയുടന്‍ ആദ്യം സ്ഥലംമാറ്റം നല്‍കിയ പൊലീസുകാരില്‍ ഒരാളും പൃഥ്വിരാജായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്കായിരുന്നു തട്ടിയത്. വീടിരിക്കുന്ന തിരുവനന്തപുരത്തേക്കുള്ള യാത്ര അത്ര എളുപ്പമാകരുതെന്ന കണക്കുകൂട്ടലിലാണ് ട്രെയിനില്ലാത്ത വയനാട്ടിലേക്ക് തട്ടിയതെന്നായിരുന്നു പൊലീസിലെ സംസാരം.
ആദ്യം വയനാട് ക്രൈംബ്രാഞ്ചില്‍ ചുമതലയെടുത്തെങ്കിലും പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും അവിടത്തെ ഉത്തരവുമായി സര്‍ക്കാരിനെയും സ്ഥലംമാറ്റത്തിനായി സമീപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. അടുത്ത ജനുവരി 31ന് വിരമിക്കും. അതിനാല്‍ ഇനി ഏഴ് മാസം മാത്രമാണ് സര്‍വീസുള്ളത്. അതുകൊണ്ട് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം വേണമെന്നാണ് അപേക്ഷ. പരിഗണിക്കാവുന്നതാണെന്ന ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും നല്‍കി. ആ ഉത്തരവുമായി സര്‍ക്കാരിനെയും സമീപിച്ചു. എന്നാല്‍ നൈസായിട്ട് ഇടത് നേതാവിന്‍റെ അപേക്ഷ തള്ളി പണികൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍.
പൃഥ്വിരാജിനെ വയനാട്ടിലേക്ക് മാറ്റിയത് പൊലീസിന്‍റെ ഏറ്റവും മികച്ച സേവനം വയനാട്ടില്‍ ഉറപ്പാക്കാനാണ്. സീനിയറായ ഉദ്യോഗസ്ഥന്‍ ഇത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ആ നാട്ടിലെ ജനങ്ങള്‍ക്ക് പൊലീസില്‍ നിന്ന് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ വഴിയൊരുക്കും. മാത്രവുമല്ല, പൊതുസ്ഥലംമാറ്റത്തിന്‍റെ ഭാഗവുമായിരുന്നു സ്ഥലംമാറ്റം. അതിനാല്‍ ഇപ്പോള്‍ തിരിച്ചൊരു സ്ഥലംമാറ്റം പരിഗണിക്കുന്നത് പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. പൃഥ്വിരാജിന്‍റെ അപേക്ഷ തള്ളാന്‍ അദ്ദേഹത്തിന്‍റെ സീനിയോരിറ്റിയും 'കഴിവും' തന്നെ ആയുധമാക്കിയെന്ന് ചുരുക്കം.
അവിടെയും തീര്‍ന്നില്ല, വിരമിക്കാറായതിനാല്‍ സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം വേണമെന്ന അപേക്ഷയ്ക്ക് നിയമപരമായി ഒരു നിലനില്‍പ്പുമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അങ്ങിനെ പൊലീസ് ചട്ടത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. മാത്രവുമല്ല, എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കാന്‍ പൊലീസുകാരന് അവകാശമില്ലെന്നുമാണ് ഉത്തരവ്. ചില സുപ്രീംകോടതി വിധികള്‍ ഇതിന് ബലം നല്‍കാനായി ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ചുരുക്കത്തില്‍ വിരമിക്കാറായെന്ന കാരണത്താല്‍ തലസ്ഥാനത്തേക്ക് മടങ്ങിവരാനുള്ള ഇടത് നേതാവിന്‍റെ ആഗ്രഹം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതോടെ വയനാട്ടില്‍ തന്നെ അദേഹത്തിന് കഴിച്ചുകൂട്ടേണ്ടിവരും.
മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിച്ചെന്ന കേസ് ആദ്യം അന്വേഷിച്ചത് പൃഥ്വിരാജായിരുന്നു. വധശ്രമക്കുറ്റം ചുമത്തിയതും കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതുമെല്ലാം ഇദേഹമായിരുന്നു. ശബരീനാഥന് ആദ്യ ദിവസം തന്നെ കോടതി ജാമ്യം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ വ്യോമയാന വകുപ്പ് അനുസരിച്ചുള്ള കുറ്റം ചുമത്തി കേസ് ശക്തമാക്കിയ പൃഥ്വിരാജിന്‍റെ നടപടിയും കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതുകൂടാതെ പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിയുമായി ഏറ്റവും അടുപ്പമുള്ള പൊലീസുകാരനായും പല കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് പൃഥ്വിരാജാണെന്നുമാണ് അറിയപ്പെട്ടിരുന്നത്. അങ്ങിനെ പത്ത് വര്‍ഷക്കാലം കരുത്തനായ വാണ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാനായി നിയമവഴിയും സര്‍ക്കാര്‍ വഴിയും തേടിയിട്ട് നടക്കാതായിരിക്കുന്നത്.